കേന്ദ്രമന്ത്രിയെ അവഹേളിച്ചു; ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ഞാറ്റുവേല മഹോൽസവവുമായി സഹകരിക്കില്ലെന്ന് ബിജെപി; സംഘാടകസമിതി സ്ഥാനങ്ങൾ രാജി വയ്ക്കാനും തീരുമാനം; നഗരസഭ ഭരണനേതൃത്വം രാഷ്ട്രീയം കളിക്കുകയാണെന്നും വിമർശനം….
ഇരിങ്ങാലക്കുട : കേന്ദ്രമന്ത്രിയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോൽസവവുമായി സഹകരിക്കില്ലെന്ന് ബിജെപി പാർലമെൻ്ററി പാർട്ടി. ഇതുമായി ബന്ധപ്പെട്ട സംഘാടകസമിതികളിൽ നിന്നും ബിജെപി അംഗങ്ങൾ രാജി വയ്ക്കുമെന്നും ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ, ബിജെപി മണ്ഡലം പ്രസിഡണ്ടുമാരായ ലിഷോൺ ജോസ് കാട്ട്ള, ടി ഡി സത്യദേവ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രമന്ത്രിയെ ഉദ്ഘാടന ചടങ്ങിനോ സമാപന ചടങ്ങിനോ പങ്കെടുപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ എതെങ്കിലും ഒരു ദിവസം വന്ന് പോകണമെന്ന് രീതിയിൽ ആവശ്യപ്പെട്ടു കൊണ്ടുള്ള കത്താണ് ചെയർപേഴ്സൺ
മന്ത്രിക്ക് അയച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രിയെ അവഹേളിക്കുന്ന സമീപനമാണ് നഗരസഭ ഭരണ നേത്യത്വം സ്വീകരിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായി ലോക്സഭാ തിരഞ്ഞെടുപ്പോടെ ബിജെപി മാറിക്കഴിഞ്ഞു. കേന്ദ്രമന്ത്രിയെ കൊണ്ട് വന്ന് വികസന പദ്ധതികൾക്ക് ആവശ്യമായ ഫണ്ട് നേടിയെടുക്കാനാണ് നഗരസഭ ശ്രമിക്കേണ്ടത്. മണ്ഡലത്തിന് പുറത്തുള്ള പ്രതിപക്ഷ നേതാവിനെ കൊണ്ട് വന്നിട്ട് ആർക്കും ഉപകാരമില്ല. രാഷ്ട്രീയം കളിക്കാനാണ് നഗരസഭ ഭരണ നേത്യത്വം ശ്രമിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. കൗൺസിലർമാരായ ടി കെ ഷാജുട്ടൻ, അമ്പിളി ജയൻ, സ്മിത കൃഷ്ണകുമാർ,
മായ അജയൻ, ആർച്ച അനീഷ്,സരിത സുഭാഷ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.