ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യ പ്രശ്നത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ എൽഡിഎഫ് പ്രതിഷേധം; ചർച്ചകൾ കൂടാതെ അജണ്ടകൾ അംഗീകരിച്ച് യോഗം പിരിച്ച് വിട്ടു..
ഇരിങ്ങാലക്കുട :നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യ സംസ്കരണത്തിലെ വീഴ്ചകളെ ചൊല്ലി നഗരസഭാ യോഗത്തിൽ എൽഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം. നിശ്ചിത അജണ്ടകൾക്ക് മുമ്പായി അടിയന്തര വിഷയം ഉന്നയിക്കാനുണ്ടെന്ന് എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയയുടെ നേത്യത്വത്തിൽ ആവശ്യപ്പെടുകയായിരുന്നു. ട്രഞ്ചിംഗ് ഗ്രൗണ്ട് വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കൊണ്ടുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് എൽഡിഎഫ് അംഗങ്ങൾ യോഗത്തിന് എത്തിയത്. എന്നാൽ നിശ്ചിത അജണ്ടകൾക്ക് ശേഷം മാത്രമേ വിഷയാവതരണം നടത്താൻ അനുവദിക്കുകയുള്ളൂവെന്ന് ചെയർ പേഴ്സൺ വ്യക്തമാക്കി. ഇതോടെ എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലേക്ക് ഇറങ്ങി. നിശ്ചിത അജണ്ടകൾ വായിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഇതിനിടയിൽ ബിജെപി അംഗങ്ങളും എഴുന്നേറ്റ് ആവശ്യപ്പെട്ടു. ഒരു പ്രദേശത്തെ മുഴുവൻ ബാധിക്കുന്ന വിഷയമാണെന്നും കേൾക്കാൻ ചെയർ പേഴ്സൺ തയ്യാറാകണമെന്നും എൽഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. ചെയർപേഴ്സന് പിന്തുണയുമായി യുഡിഎഫ് അംഗങ്ങളും എഴുന്നേറ്റു. നടുത്തളത്തിൽ ഇറങ്ങിയുള്ള എൽഡിഎഫ് അംഗങ്ങളുടെ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ ആകെയുള്ള 24 അജണ്ടകളിൽ 23 ഉം ചർച്ചകൾ കൂടാതെ വായിച്ച് അംഗീകരിച്ചു. അർബൻ ഹെൽത്ത് ആൻ്റ് വെൽനെസ്സ് സെൻ്ററുമായി ബന്ധപ്പെട്ട അജണ്ട മാത്രമാണ് മാറ്റി വച്ചത്. തുടർന്ന് വിഷയാവതരണത്തിന് പ്രതിപക്ഷത്തെ ചെയർപേഴ്സൺ ക്ഷണിച്ചുവെങ്കിലും എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധങ്ങൾ തുടർന്നു. ഇതോടെ യോഗം അവസാനിച്ചതായി ചെയർപേഴ്സൺ പ്രഖ്യാപിച്ചു. പതിന്നൊരയ്ക്ക് ആരംഭിച്ച യോഗം ഇരുപത് മിനിറ്റിനുള്ളിൽ അവസാനിച്ചു. യോഗത്തിൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു.