അർമേനിയയിൽ ബന്ദിയാക്കപ്പെട്ട ഇരിങ്ങാലക്കുട പെരുവല്ലിപ്പാടം സ്വദേശിയായ യുവാവ് സുരക്ഷിതനാണെന്ന് വിവരം ലഭിച്ചതായി കുടുംബം; നിർണ്ണായകമായത് എംബസ്സിയുടെ ഇടപെടൽ…
ഇരിങ്ങാലക്കുട : മോചനദ്രവ്യം ആവശ്യപ്പെട്ട് അർമേനിയയിൽ ബന്ദിയാക്കിയ ഇരിങ്ങാലക്കുട പെരുവല്ലിപ്പാടം സ്വദേശി വിഷ്ണു (31 വയസ്സ്) സുരക്ഷിതനാണെന്ന് വിവരം ലഭിച്ചതായി കുടുംബം. ചൊവ്വാഴ്ച ഉച്ചയോടെ മകൻ തന്നെ ബന്ധപ്പെട്ടതായും ആശങ്കപ്പെടാനില്ലെന്നും എംബസ്സിയിലേക്ക് പോയി കൊണ്ടിരിക്കുകയാണെന്നും അറിയിച്ചതായി അമ്മ ഗീത മുകുന്ദൻ അറിയിച്ചു. കഴിഞ്ഞ ദിവസം ബന്ദിയാക്കപ്പെട്ട വിവരം മാധ്യമങ്ങളിൽ നിറഞ്ഞതോടെ എംബസ്സിയുടെ ഇടപെടൽ ഉണ്ടായതായിട്ടാണ് മനസ്സിലാക്കുന്നതെന്നും കുടുംബം പറഞ്ഞു. ഈ വർഷം 15 നാണ് ഇരിങ്ങാലക്കുട സ്വദേശി തന്നെയായ ഷാറൂഖ് വഴി വിഷ്ണു അർമേനിയിൽ എത്തിയത്. അർമേനിയൻ സ്വദേശികളിൽ നിന്ന് വാടകയ്ക്ക് എടുത്ത കെട്ടിടത്തിൽ എഴുപതോളം പേർക്ക് താമസിക്കാവുന്ന ഹോസ്റ്റലിൽ ആയിരുന്നു വിഷ്ണുവിന് ജോലി ലഭിച്ചത്. പിന്നീട് ഹോസ്റ്റലിൻ്റെ നടത്തിപ്പ് വിഷ്ണുവിൻ്റെ പേരിൽ നടത്തിപ്പുകാരായ മലയാളികൾ സ്ഥലം വിട്ടുവെന്നും പണം ആവശ്യപ്പെട്ട് കെട്ടിട ഉടമ മകനെ ബന്ദിയാക്കിയെന്നാണ് അമ്മ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നത്.