സാമ്പത്തിക പ്രതിസന്ധി; വർഷങ്ങളുടെ പാരമ്പര്യമുള്ള ഇരിങ്ങാലക്കുട സംഗമേശ്വര എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ പ്രവർത്തനം നിറുത്തി വച്ചു….

സാമ്പത്തിക പ്രതിസന്ധി; വർഷങ്ങളുടെ പാരമ്പര്യമുള്ള ഇരിങ്ങാലക്കുട സംഗമേശ്വര എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ പ്രവർത്തനം നിറുത്തി വച്ചു….

 

ഇരിങ്ങാലക്കുട : വർഷങ്ങളുടെ പാരമ്പര്യമുള്ള സംഗമേശ്വര എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ പ്രവർത്തനം നിറുത്തി വച്ചു. എതാനും വർഷങ്ങളായി വിദ്യാർഥികളുടെ എണ്ണത്തിൻ്റെ കാര്യത്തിൽ പ്രതിസന്ധിയിലായിരുന്നു സ്കൂൾ. എൽകെജി മുതൽ പത്താം ക്ലാസ്സ് വരെയായി കഴിഞ്ഞ അധ്യയന വർഷം അമ്പതോളം കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. പ്രിൻസിപ്പൽ അടക്കം പതിന്നാല് അധ്യാപകരും. ശമ്പളയിനത്തിലും മറ്റും വരുന്ന ചിലവുകൾ നേരിടാൻ കഴിയാതെ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് സ്കൂളിൻ്റെ പ്രവർത്തനം നിറുത്തി വയ്ക്കാൻ തീരുമാനിച്ചതെന്ന് സ്കൂൾ മാനേജ്മെന്റ് ചുമതല വഹിക്കുന്ന എൻഎസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയൻ അധികൃതർ വ്യക്തമാക്കുന്നുണ്ട്. 1977 ൽ അന്നത്തെ എൻഎസ്എസ് യൂണിയൻ ഭാരവാഹികളുടെ ശ്രമഫലമായി ഒരു സ്വകാര്യവ്യക്തിയുടെ വസതിയിൽ ആരംഭിച്ച സ്കൂൾ പിന്നീട് ദേവസ്വം കെട്ടിടത്തിലും തുടർന്ന് എൻഎസ്എസ് മുൻ യൂണിയൻ പ്രസിഡണ്ട് രാമൻകുട്ടിമേനോൻ കാക്കാത്തുരുത്തി റോഡിൽ കെഎസ്ഇ കമ്പനിക്ക് അടുത്തായി സംഭാവന നൽകിയ സ്ഥലത്തുമാണ് പ്രവർത്തിച്ച് വന്നിരുന്നത്. 1986 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി എം ജേക്കബാണ് നിലവിലെ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. എൽപി , യുപി വിഭാഗങ്ങളായി ആരംഭിച്ച സ്കൂൾ 2004 ലാണ് ഹൈസ്കൂൾ ആക്കി ഉയർത്തിയത്. സ്റ്റേറ്റ് സിലബസിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒരു ഘട്ടത്തിൽ എണ്ണൂറോളം കുട്ടികൾ വരെ ഉണ്ടായിരുന്നതായും എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടി വന്നിരുന്നതായും സ്കൂളിലെ അധ്യാപകർ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പട്ടണത്തിൽ ആധുനിക സൗകര്യങ്ങളോടെയുള്ള സ്കൂളുകളുടെ എണ്ണം വർധിച്ചത് കുട്ടികളുടെ എണ്ണം കുറയാൻ കാരണമായെന്ന് സ്കൂൾ അധികൃതർ സൂചിപ്പിക്കുന്നുണ്ട്. നിലവിൽ ഉണ്ടായിരുന്ന കുട്ടികൾ മറ്റ് സ്കൂളുകളിൽ പ്രവേശനം നേടിക്കഴിഞ്ഞു. സ്കൂളിൻ്റെ പ്രവർത്തനം നിറുത്തി വയ്ക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിനെയും സ്കൂൾ അധികൃതർ അറിയിച്ച് കഴിഞ്ഞിട്ടുണ്ട്.

Please follow and like us: