ഉന്നത വിജയം നേടിയ വിദ്യാലയങ്ങളെയും വിദ്യാർഥികളെയും കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ ആദരിക്കുന്നു; ജൂൺ 15 ന് നടക്കുന്ന പരിപാടിയിൽ ആദരവ് എറ്റ് വാങ്ങുന്നത് 1300 ഓളം വിദ്യാർഥികൾ….
ഇരിങ്ങാലക്കുട: നിയോജകമണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ എസ് എസ് എൽ സി , പ്ലസ് ടു, വി എച്ച് എസ് സി, സി ബി എസ് ഇ, ഐ സി എസ് ഇ, ടി എച്ച് എസ് സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും അനുമോദിക്കുന്നു. ജൂൺ 15 ന് രാവിലെ 10. 30 ന് ടൗൺ ഹാളിൽ നടക്കുന്ന ” മെരിറ്റ് ഡേ ” റോജി എം ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് സംഘടക സമിതി ചെയർമാൻ എം.പി. ജാക്സൺ, ജനറൽ കൺവീനറും നഗരസഭാ അധ്യക്ഷയുമായ സുജ സഞ്ജീവ്കുമാർ എന്നിവർ അറിയിച്ചു.
രാവിലെ 9 മണിക്ക് രജിസ്‌ട്രേഷനോടെ പരിപാടികൾ ആരംഭിക്കും. 9.30 ന് നടക്കുന്ന മോട്ടിവേഷൻ ക്ലാസ്സിന് പി.ആർ.സ്റ്റാൻലി നേതൃത്വം നൽകും.
എസ് എസ് എൽ സി വിഭാഗത്തിൽ 670 വിദ്യാർത്ഥികൾക്കും പ്ലസ് ടു വിഭാഗത്തിൽ 460 വിദ്യാർത്ഥികൾക്കും സി ബി എസ് ഇ, ഐ സി എസ് ഇ വിഭാഗങ്ങളിൽ 107 വിദ്യാർത്ഥികൾക്കും വി എച്ച് എസ് ഇ യിൽ 10 വിദ്യാർത്ഥികൾക്കും ടി എച്ച് സി യിൽ ഒരു വിദ്യാർത്ഥിക്കുമായി ആകെ 1248 വിദ്യാർത്ഥികളെയാണ് പുരസ്ക്കാരം നൽകി ആദരിക്കുന്നത്. എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ 27 സ്കൂളുകളും പ്ലസ് ടുവിൽ 2 സ്കൂളുകളും സി ബി എസ് ഇ, ഐ സി എസ് ഇ വിഭാഗങ്ങളിൽ 19 സ്കൂളുകളും ആദരവ് ഏറ്റു വാങ്ങും.
പത്രസമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡന്റുമാരായ സോമൻ ചിറ്റേത്ത്, ഷാറ്റൊ കുര്യൻ, മീഡിയ കമ്മിറ്റി ചെയർമാൻ തോമസ് തത്തംപിള്ളി, കോ ഓർഡിനേറ്റർമാരായ സി.എസ്. അബ്‌ദുൾ ഹഖ്, എ.സി.സുരേഷ് എന്നിവരും പങ്കെടുത്തു