ലോക്സഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട പട്ടണത്തിലെ ബൂത്തുകളിലും എൻഡിഎ മുന്നേറ്റം; യുഡിഎഫ് ലീഡ് 270 വോട്ടിന് മാത്രം; തിരിച്ചടിയുടെ കാരണങ്ങൾ തേടി യുഡിഎഫ് നേത്യത്വം….
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഭരണം യുഡിഎഫിന് ദീർഘനാളായി നേടിക്കൊടുക്കുന്നതിൽ നിർണ്ണായ പങ്ക് വഹിച്ചിട്ടുള്ള പട്ടണത്തിലെ ബൂത്തുകളിൽ നിന്നായി പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് 270 വോട്ടിൻ്റെ മാത്രം ലീഡ്. 80 മുതൽ 102 വരെയുള്ള 23 ബൂത്തുകളിൽ യുഡിഎഫ് 14 ലും എൻഡിഎ 8 ലും എൽഡിഎഫ് ഒരു ബൂത്തിലുമാണ് മുന്നിലുള്ളത്. യുഡിഎഫ് 7312 വോട്ടും എൻഡിഎ 7042 ഉം എൽഡിഎഫ് 3684 വോട്ടുമാണ് നേടിയിട്ടുള്ളത്. ആറ് ബൂത്തുകളിൽ യുഡിഎഫ് മുന്നിലാണെങ്കിലും 270 വോട്ടിൻ്റെ മാത്രം ലീഡാണ് നേടാൻ കഴിഞ്ഞിട്ടുള്ളതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പടിഞ്ഞാറൻ മേഖലകളിലെ വാർഡുകളിൽ നിന്ന് എൻഡിഎയ്ക്ക് കനത്ത ലീഡ് ലഭിച്ചതോടെ യുഡിഎഫിൻ്റെ ലീഡ് ഇടിയുകയായിരുന്നു. 2019 ലെ പാർലമെന്റ് ഇലക്ഷനിൽ നാലായിരത്തിൽ അധികവും 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 3500 ഓളം വോട്ടുകളുടെ ലീഡുമാണ് യുഡിഎഫ് നേടിയിരുന്നത്. ശക്തി കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട തിരിച്ചടിയെക്കുറിച്ചുള്ള ചർച്ചകളിലേക്ക് യുഡിഎഫ് കേന്ദ്രങ്ങൾ കടന്നിട്ടില്ല. ന്യൂനപക്ഷങ്ങളുടെ പിന്തുണയിൽ ചോർച്ച ഉണ്ടായിട്ടുണ്ടെന്നും പുതിയ വോട്ടർമാരുടെ പിന്തുണ തേടുന്നതിലും വീഴ്ച ഉണ്ടായിട്ടുമെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. ചില വാർഡുകളിൽ വീടുകൾ തോറും നടത്തിയിട്ടുള്ള പ്രചരണപ്രവർത്തനങ്ങളിൽ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന വിലയിരുത്തലും ഉയർന്ന് വരുന്നുണ്ട്. ജൂൺ 15 ന് ശേഷം മാത്രമേ അവലോകനങ്ങളിലേക്ക് കടക്കുകയുള്ളൂവെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്.