കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാനപാതയുടെ നിർമ്മാണം വേഗത്തിലാക്കും; കരാർ കമ്പനി പൂർണ്ണ സഹകരണം വാഗ്ദാനം നൽകിയതായി
മന്ത്രി ഡോ. ആർ ബിന്ദു…
തൃശ്ശൂർ : കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാനപാതയുടെ നിർമ്മാണം വേഗത്തിലാക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു.
കെ എസ് ടി പിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാനപാതയിൽ നടന്നു വരുന്ന കോൺക്രീറ്റ് റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ മന്ത്രി വിളിച്ച യോഗത്തിലാണ് നിർമ്മാണം വേഗത്തിലാക്കാൻ ധാരണയായത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ മുതൽ ഠാണാ ജംഗ്ഷൻ വരെയുള്ള റോഡിലെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കി ഇതുവഴിയുള്ള യാത്രാക്ലേശം പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.
പാലക്കൽ ജംഗ്ഷനിൽ ബാക്കി നിൽക്കുന്ന റോഡിന്റെ നിർമ്മാണം ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കും. ഇതിനാവശ്യമായ ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ചും യോഗത്തിൽ തീരുമാനമായി.
കോൺക്രീറ്റ് ചെയ്യുന്നതിൽ നിന്നും കരാർ കമ്പനി പിൻവാങ്ങിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ കരാർ കമ്പനി പൂർണ്ണ സഹകരണമാണ് യോഗത്തിൽ വാഗ്ദാനം ചെയ്തതിരിക്കുന്നത്.
പാലക്കലിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞാലുടൻ ഇരിങ്ങാലക്കുട മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
യാത്രക്കാരുടെയും ജനങ്ങളുടെയും ബുദ്ധിമുട്ട് പരമാവധി പരിഹരിക്കാൻ പോലീസിന്റെയും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെയും ബസ് ഉടമകളുടെയും സംയുക്ത യോഗം ചേർന്ന് കൃത്യമായ ആസൂത്രണത്തോടുകൂടിയായിരിക്കും ഇരിങ്ങാലക്കുടയിലെ പ്രവർത്തനങ്ങൾ ആരംഭിക്കുയെന്നും മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.യോഗത്തിൽ തൃശൂർ എ.ഡി.എം, കെ.എസ്.ടി.പി യുടെ ഉയർന്ന ഉദ്യോഗസ്ഥർ, പോലീസ്, ഗതാഗത വകുപ്പ് തുടങ്ങി വിവിധ സർക്കാർ വകുപ്പ് തല ഉദ്യോഗസ്ഥർ, ബസ് ഉടമ സംഘടന ഭാരവാഹികൾ, നിർമ്മാണ കമ്പനി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.