സ്കൂൾ വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്; ആദ്യദിന പരിശോധനയിൽ ഹാജരാക്കിയത് അമ്പത് വണ്ടികൾ; പ്രവർത്തനക്ഷമമായ എമർജൻസി എക്സിറ്റ് സംവിധാനങ്ങളില്ലാതെ അധികം വണ്ടികളും ….
ഇരിങ്ങാലക്കുട : സ്കൂൾ വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കർശന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ് അധികൃതർ. 2024-25 അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളും കുട്ടികളെ കൊണ്ട് പോകുന്ന സ്വകാര്യ വാഹനങ്ങളുമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇരിങ്ങാലക്കുട ജോയിൻ്റ് ആർ ടി ഒ ഓഫീസിൻ്റെ പരിധിയിൽ മാത്രം മൂന്നൂറിൽ അധികം വാഹനങ്ങൾ ഉണ്ടെന്നാണ് എകദേശ കണക്ക്. സെൻ്റ് ഡിസ്മസ് റോഡിൽ നടന്ന ആദ്യദിനത്തിലെ പരിശോധനയ്ക്ക് വിവിധ സ്കൂളുകളിൽ നിന്നായി അമ്പതോളം വണ്ടികളാണ് ഹാജരാക്കിയത്. ടയറുകളുടെ നിലവാരം, എമർജൻസി എക്സിറ്റ്, ബ്രേക്ക് സംവിധാനം, ഫസ്റ്റ് എയ്ഡ്, ഫയർ സംവിധാനങ്ങൾ, ഡ്രൈവർക്ക് പത്ത് വർഷത്തെ സേവന പരിചയം, ഹാൻ്റ് റെയിൽ, സീറ്റ് കുഷ്യൻ തുടങ്ങി 33 ഇനങ്ങളിലുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. ആദ്യ ദിനത്തിലെ പരിശോധനയിൽ പതിനഞ്ച് വണ്ടികളാണ് മാനദണ്ഡങ്ങൾ പ്രകാരം സുരക്ഷിതമാണെന്ന് കണ്ടെത്തിയത്. പ്രവർത്തനരഹിതമായ എക്സിറ്റ് സംവിധാനം, കാലാവധി കഴിഞ്ഞ മരുന്നുകൾ അടങ്ങിയ ഫസ്റ്റ് എയ്ഡ് ബോക്സ് എന്നീ ന്യൂനതകൾ കണ്ടെത്തിയ വാഹനങ്ങളുമായി എത്തിയ ഡ്രൈവർമാർക്ക് ഇവ പരിഹരിച്ച് ഹാജരാക്കാൻ നിർദ്ദേശം നൽകി. മുഴുവൻ പരിശോധനകളും പൂർത്തിയാക്കുന്ന വണ്ടികൾക്ക് വകുപ്പിൻ്റെ സ്റ്റിക്കൽ പതിച്ച് നൽകുന്നുണ്ട്. ഇരിങ്ങാലക്കുട ജോയിൻ്റ് ആർടിഒ കെ എ രാജുവിൻ്റെ നിർദ്ദേശപ്രകാരം എഎംവിഐ മാരായ കെ പി ശ്രീകാന്ത്, ആർ സുജിത്, വി സി ബിജു എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ആദ്യദിനത്തിലെ പരിശോധനകൾ. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും പരിശോധനയ്ക്ക് ഹാജരാകാത്ത വണ്ടികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.