തുടർച്ചയായ മഴയിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ നഷ്ടങ്ങൾ; പടിയൂരിൽ വീട് പൂർണ്ണമായും തകർന്നു..
ഇരിങ്ങാലക്കുട : തുടർച്ചയായ മഴയിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ നഷ്ടങ്ങൾ. പടിയൂർ പഞ്ചായത്തിൽ ഓടിട്ട വീട് പൂർണ്ണമായും തകർന്നു. പടിയൂർ വളവനങ്ങാടി തവളക്കുളത്തിന് അടുത്ത് പരേതനായ വാക്കാട്ട് ശിവരാമൻ്റെ ഭാര്യ ശാരദയുടെ വീടാണ് തകർന്ന് വീണത്. കഴിഞ്ഞ ദിവസം വൈകീട്ട് ആയിരുന്നു സംഭവം. വീട് അപകടാവസ്ഥയിലാണെന്ന ആശങ്കയെ തുടർന്ന് ശാരദയെ ഇളയ മകളുടെ നേത്യത്വത്തിൽ ശാരദയുടെ മൂത്ത മകൾക്ക് വേണ്ടി അധ്യാപക സംഘടന നിർമ്മിച്ച് നൽകുന്ന വീട്ടിലേക്ക് മാറ്റിയിരുന്നു. പടിയൂരിൽ തന്നെ വട്ടപ്പറമ്പിൽ ഷെബീറിൻ്റെ വീടിന് മുകളിൽ തെങ്ങ് വീണ് നഷ്ടം ഉണ്ടായിട്ടുണ്ട്. മുരിയാട് വില്ലേജിൽ കുന്നത്ത്പറമ്പിൽ എബ്രഹാം, കറുപ്പശ്ശേരി തോമസ്, മംഗലത്ത് പീറ്റർ, ആലപ്പാട്ട് വർഗ്ഗീസ്, അരിയാടൻ ജിനി ,കല്ലേരി ജോയി എന്നിവരുടെ കൂട്ടായ പേരിലുള്ള വസ്തുവിൽ സ്ഥിതി ചെയ്യുന്ന കിണറിൻ്റെ ഭാഗം ഇടിഞ്ഞിട്ടുണ്ട്.