മാരക രാസലഹരിയായ എംഡിഎംഎ യുമായി കണ്ണൂർ സ്വദേശിയായ യുവാവ് പിടിയിൽ….
ചാലക്കുടി : ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലേക്ക് മാരക രാസലഹരി മരുന്ന് കടത്തുന്നുവെന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് ചാലക്കുടി ഡിവൈഎസ്പി ആർ. അശോകൻ, റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എൻ. മുരളി കൊരട്ടി സർക്കിൾ ഇൻസ്പെക്ടർ എൻ. എ അനൂപ് എന്നിവരുടെ നേതൃത്വത്തിൽ കൊരട്ടി ജംഗ്ഷനിൽ നടത്തിയ പരിശോധനയിൽ ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് കടത്തുകയായിരുന്ന പതിനഞ്ച് ഗ്രാമോളം എംഡിഎംഎയുമായി കണ്ണൂർ സ്വദേശി പിടിയിലായി.
കണ്ണൂർ ഇരിട്ടി വിളമന സ്വദേശി മലയിൽ വീട്ടിൽ അമൽ കൃഷ്ണ (27 വയസ് ) നാണ് രാസലഹരിയുമായി പിടിയിലായത്.
തൃശൂർ റേഞ്ച് ഡിഐജി അജീതാബീഗം ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം റേഞ്ച് തലത്തിൽ ലഹരി വസ്തുക്കളുടെ ഉത്പാദനം, വിപണനം, സംഭരണം എന്നിവ തടയുന്നതിനായി നടത്തുന്ന വ്യാപക പരിശോധനകൾ നടന്നു വരികയാണ്. ഇതിൻ്റെ ഭാഗമായി നിരവധി പേരെ പിടികൂടി കേസുകൾ രജിസ്റ്റർ ചെയ്തു വരികയാണ്.
കൊരട്ടി ജംഗ്ഷനിൽ സംശയാസ്പദമായി കണ്ട യാത്രക്കാരനെ ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായി സംസാരിച്ചതിനാൽ കൊടകര സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് റഫീഖിൻ്റെ സാന്നിധ്യത്തിൽ വിശദമായി പരിശോധിച്ചപ്പോൾ യുവാവിൻ്റെ പോക്കറ്റിൽ ഭദ്രമായി പൊതിഞ്ഞു സൂക്ഷിച്ചിരുന്ന രാസ ലഹരി കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും വിവിധ വാഹനങ്ങളിൽ മാറിക്കയറിയാണ് ഇയാൾ കൊരട്ടിയിലെത്തിയതെന്ന് പോലീസിനോട് സമ്മതിച്ചു.
രാസ ലഹരി പിടികൂടിയപോലീസ് സംഘത്തിൽ ജില്ലാ ലഹരി വിരുദ്ധ സേനയിലെ എസ്ഐമാരായ വി.ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, സീനിയർ സിപിഒമാരായ എ.യു റെജി, ബിനു എം.ജെ എന്നിവരും കൊരട്ടി സബ് ഇൻസ്പെക്ടർ മുഹമ്മദ് ശിഹാബ് കുട്ടശ്ശേരി, അഡീഷണൽ എസ്.ഐ ഷിബു സി.പി, എഎസ്ഐ നാഗേഷ് കെ.സി സീനിയർ സിപിഒമാരായ ടെസ്സി, സജീഷ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ജിബിൻ ജെൻസൺ, മണിക്കുട്ടൻ എന്നിവരാണ് ഉണ്ടായിരുന്നത്.
അമൽ കൃഷ്ണന് മുമ്പും ലഹരിമരുന്ന് കേസുകൾ ഉള്ളതായി പോലീസ് അറിയിച്ചു.പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ ഒരു ലക്ഷത്തിലേറെ രൂപ വിലവരും.
പിടിയിലായ യുവാവിനെ തുടർനടപടികൾക്കായി കോടതിയിൽ ഹാജരാക്കും.