ഇരിങ്ങാലക്കുട രൂപതയിലെ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസ് ഭക്തി സാന്ദ്രമായി…
ഇരിങ്ങാലക്കുട: ദിവ്യകാരുണ്യത്തിൻ്റെ ശക്തിയും ചൈതന്യവും പങ്കുവെച്ച് ഇരിങ്ങാലക്കുട രൂപത ദിവ്യകാരുണ്യ കോൺഗ്രസ് ക്രിസ്തു വിശ്വാസത്തിൻ്റെ ആഘോഷമായി. കേരളസഭാ നവീകരണത്തിന്റെയും രൂപത സുവർണ്ണ ജൂബിലി വാർഷികത്തിൻ്റെയും മുന്നോടിയായി ആണ് ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസ്സ് നടത്തപ്പെട്ടത്. രൂപത ഭദ്രാസന ദൈവാലയമായ സെൻ്റ്.തോമസ് കത്തീഡ്രൽ അങ്കണത്തിൽ രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ്റെ അധ്യക്ഷതയിൽ നടന്ന ദിവ്യകാരുണ്യ കോൺഗ്രസ് സമ്മേളനം, അപ്പസ്തോലിക് ന്യൂൺഷോ ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് പാനിക്കുളം ഉദ്ഘാടനം ചെയ്തു. രാവിലെ 9.30 മുതൽ കത്തീഡ്രലിനോടു ചേർന്ന് 7 കേന്ദ്രങ്ങളിലായി ദിവ്യകാരുണ്യ സെമിനാറുകളോടെയാണ് ദിവ്യകാരുണ്യ കോൺഗ്രസ് ആരംഭിച്ചത്. കിഡ്നി ഫെഡറേസൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ.ഡേവിസ് ചിറമ്മൽ, കോട്ടപ്പുറം രൂപത മെത്രാൻ റൈറ്റ്.റവ.ഡോ.അംബ്രോസ് പുത്തൻവീട്ടിൽ, ഫാ.ജോയ് ചെഞ്ചേരിൽ ഫാ ഡോ.സെബാസ്റ്റ്യൻ ചാലയ്ക്കൽ, ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ , ശശി നിർമ്മല ഇമ്മാനുവൽ, ഫാ.ഏലിയാസ് ,ഫാ.ജെയിംസ് പള്ളിപ്പാട്ട് തുടങ്ങിയവർ സെമിനാറുകൾ നയിച്ചു. തുടർന്ന് പ്രധാന വേദിയായ കത്തീഡ്രൽ ദൈവാലയങ്കണത്തിൽ ദിവ്യകാരുണ്യ ആരാധനയും ദിവ്യബലിയും ദിവ്യകാരുണ്യ യേശുവിനെ എഴുന്നള്ളിച്ചു കൊണ്ടുള്ള നഗര പ്രദക്ഷിണവും നടന്നു. ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഡോ.അഗസ്റ്റിൻ വല്ലൂരാൻ , തൃശ്ശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നിലങ്കാവിൽ എന്നിവർ ദിവ്യകാരുണ്യ ആരാധനയ്ക്ക് നേതൃത്വം നൽകി. രൂപത മെത്രാൻ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമ്മികത്വം വഹിച്ച വി.കുർബാനയിൽ പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ വചനസന്ദേശം നൽകി. രൂപത സിഞ്ചെല്ലുസ് & ജനറൽ കോർഡിനേറ്റർ മോൺ.ജോസ് മാളിയേക്കൽ, ജനറൽ കൺവീനർ ഫാ.റിജോയ് പഴയാറ്റിൽ, കത്തീഡ്രൽ വികാരി ഫാ ഡോ.ലാസർ കുറ്റിക്കാടൻ, ജോയിന്റ് കൺവീനർ ലിൻസൺ ഊക്കൻ തുടങ്ങിയവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. രൂപതയിലെ രണ്ടര ലക്ഷത്തോളം അത്മായവിശ്വാസികളുടെ പ്രതിനിധികളും വൈദികരും സന്യസ്ഥരുമടക്കം പതിനയ്യായിരത്തോളം വിശ്വാസികൾ ഈ ദിവ്യകാരുണ്യ കേന്ദ്രീകൃത മഹോത്സവത്തിൽ പങ്കാളികളായത്.