ഡിജിറ്റൽ മേഖലയിലെ തൊഴിൽ സാധ്യതകളിലേക്ക് എത്തിച്ചേരാൻ വിദ്യാർഥി സമൂഹത്തിന് കഴിയേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ; ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ നൈപുണി വികസനം കേന്ദ്രീകരിച്ചെന്നും മന്ത്രി..
ഇരിങ്ങാലക്കുട : ഡിജിറ്റൽ മേഖലയിലെ തൊഴിൽ അവസരങ്ങളിലേക്ക് എത്തിച്ചേരാനും സമ്പദ്ഘടനയുമായി ബന്ധപ്പെടുത്തി പുതിയ ഉൽപ്പന്നങ്ങൾക്കും സർവീസുകൾക്കും രൂപം നൽകാനും വിദ്യാർഥി സമൂഹത്തിന് കഴിയേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. കേരള നോളഡ്ജ് ഇക്കോണമി മിഷൻ, കെ-ഡിസ്ക് എന്നിവയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് ഓട്ടോണമസ് കോളേജിൽ നടന്ന തൊഴിൽ മേളയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . തൊഴിൽ അന്വേഷകർ എന്ന നിലയിൽ നിന്നും തൊഴിൽ ദായകർ എന്ന നിലയിലേക്ക് എത്തിച്ചേരാൻ വിദ്യാർഥികൾക്ക് കഴിയേണ്ടതുണ്ട്. ഇതിനുള്ള മികച്ച സാധ്യതകളാണ് കേരളം ഒരുക്കുന്നത്. രാജ്യത്തെ ആദ്യത്തെ ഐടി പാർക്കും ഡിജിറ്റൽ സർവകലാശാലയും ഡിജിറ്റൽ സയസ് പാർക്കും ആരംഭിച്ചത് കേരളത്തിലാണ്. നൂതനമായ സംരരംഭകത്വ ആശയങ്ങൾ മുന്നോട്ട് വയ്ക്കുന്നവർക്ക് 5 തൊട്ട് 25 ലക്ഷം രൂപ വരെയാണ് കേരള സ്റ്റാർട്ട് അപ്പ് മിഷനിലൂടെ നൽകുന്നത്.വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ് നികത്താനും കാര്യപ്രാപ്തി വികസനത്തിന് ഊന്നൽ നൽകാനുമാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ സിജി പി ഡി, നോളഡ്ജ് ഇക്കോണമി മിഷൻ ഉദ്യോഗസ്ഥരായ സുമേഷ് കെ ബി , അനിത വി ആർ എന്നിവർ സംസാരിച്ചു. ഇരുപതിൽ അധികം കമ്പനികളും അഞ്ഞൂറോളം ഉദ്യോഗാർഥികളുമാണ് തൊഴിൽ മേളയ്ക്ക് എത്തിയിട്ടുള്ളത്.