അമ്യത് 2 വിൽ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ നടപ്പിലാക്കുന്ന 13.5 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾ പുരോഗമിക്കുന്നു; നൽകുന്നത് രണ്ടായിരത്തോളം കണക്ഷനുകൾ …
ഇരിങ്ങാലക്കുട : കുടിവെള്ള ശ്യംഖല ശക്തിപ്പെടുത്താനും ശുദ്ധജല കണക്ഷനുകൾ നൽകാനും അമ്യത് 2 പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ നടപ്പിലാക്കുന്ന 13.5 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു.വിവിധ വാർഡുകളിലായി രണ്ടായിരത്തോളം കണക്ഷനുകളും ഇതിന്റെ ഭാഗമായി നൽകുന്നത്. നാല് പ്രവൃത്തികളിലായിട്ടാണ് പതിമൂന്നരക്കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുന്നത്. നഗരസഭയിലെ 23, 32 വാർഡുകളിലായി നടപ്പിലാക്കുന്ന 1.68 കോടി രൂപയുടെ പദ്ധതിയാണ് ആദ്യത്തേത്. പഴയ പൈപ്പുകൾ മാറ്റുന്നതോടൊപ്പം രണ്ട് വാർഡുകളിലായി 200 കണക്ഷനുകളും നൽകാനാണ് ലക്ഷ്യമിടുന്നത്. കുടിവെള്ള ക്ഷാമം നേരിടുന്ന സിവിൽ സ്റ്റേഷനിലെ ഓഫീസുകളിലേക്കും സബ് ജയിലിലേക്കും പദ്ധതിയുടെ ഭാഗമായി വെള്ളം എത്തിക്കും. രണ്ട് വാർഡുകളിലായി 5600 മീറ്റർ ദൂരത്തിലാണ് പൈപ്പ് ഇടുന്നത്. ഇതിൽ 3000 മീറ്ററിൽ പൈപ്പ് ഇടുന്ന പ്രവ്യത്തി പൂർത്തിയായി ക്കഴിഞ്ഞു.നഗരസഭയുടെ 1, 2 വാർഡുകളിലായി വിതരണ ശ്യംഖല ശക്തിപ്പെടുത്തുകയും 200 കണക്ഷനുകൾ നൽകുകയും ചെയ്യുന്ന പദ്ധതിയാണ് രണ്ടാമത്തേത് . 84 ലക്ഷം രൂപയാണ് അടങ്കൽ തുക. ലക്ഷ്യമിട്ടിട്ടുള്ള 4450 മീറ്ററിൽ 4207 മീറ്റർ ദൂരത്തിൽ പൈപ്പ് രണ്ട് വാർഡുകളിലായി ഇട്ട് കഴിഞ്ഞു. വാർഡ് രണ്ടിൽ കണക്ഷനുകൾ ചാർജ്ജ് ചെയ്തു കഴിഞ്ഞു.കരുവന്നൂർ ബംഗ്ലാവ് പരിസരം, ഇല്ലിക്കൽ ബണ്ട് മേഖലകളാണ് എന്നിവയാണ് പദ്ധതിയുടെ കീഴിൽ വരുന്നത്. നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള പൈപ്പ് ലൈൻ നീട്ടുന്നതും കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റുന്നതുമാണ് മൂന്നാമത്തെ പദ്ധതി. 7.9 കോടി രൂപയാണ് അടങ്കൽ തുക. ഗാന്ധിഗ്രാം , കോമ്പാറ ഈസ്റ്റ്, വെസ്റ്റ് , കൊരുമ്പിശ്ശേരി, കെ എസ് പാർക്ക്, സോൾവെന്റ് ചവിട്ടുപ്പാലം, ലൂണ പരിസരം, പുലിക്കുട്ടി മഠം റോഡ്,ചെറുത്യക്ക് അമ്പലപരിസരം, ഗായത്രി ഹാൾ, എകെപി ജംഗ്ഷൻ തെക്കേ നട , മടത്തിക്കര, തലയിണക്കുന്ന്, തളിയക്കോണം, എന്നിവയാണ് പദ്ധതി പ്രദേശങ്ങൾ. പത്തോളം വാർഡുകളിലായി 19 കിലോമീറ്ററിലാണ് പൈപ്പുകൾ ഇടേണ്ടത്. ഇതിൽ 4.7 കിലോമീറ്ററിൽ വിവിധ വാർഡുകളിലായി പൈപ്പുകൾ ഇട്ട് കഴിഞ്ഞിട്ടുണ്ട്. 1500 കണക്ഷനുകൾക്കുള്ള അപേക്ഷകളാണ് ഇതിനകം ലഭിച്ചിട്ടുള്ളത്. മങ്ങാടിക്കുന്നിൽ നിന്ന് ചന്തക്കുന്ന് വരെ പമ്പിംഗ് മെയിൻ വലിക്കലും പുതിയ ടാങ്ക് നിർമ്മാണവും നൂറ് കണക്ഷൻ നൽകലും ലക്ഷ്യമിട്ടിട്ടുള്ള നാലാമത്തെ പദ്ധതിക്കായി ചിലവഴിക്കുന്നത് 3.23 കോടി രൂപയാണ്. ഇതിൻ്റെ ഭാഗമായി പച്ചക്കറി മാർക്കറ്റിൽ 2.2 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ടാങ്കിൻ്റെ നിർമ്മാണത്തിനായി കരാർ നല്കി കഴിഞ്ഞു.നഗരസഭാ പരിധിയിലെ കാലപ്പഴക്കം വന്ന കുടിവെള്ള ശ്യംഖല ശക്തിപ്പെടുത്തൽ അടക്കമുള്ള ലക്ഷ്യങ്ങൾ മുൻനിർത്തി 90 കോടി രൂപയുടെ പദ്ധതികളാണ് 2021 ൽ സമർപ്പിച്ചത്. 13.5 കോടി രൂപയുടെ പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്. അമ്പത് വർഷത്തോളം പഴക്കമുള്ള എസി പൈപ്പുകൾക്ക് പകരമായി 50 മുതൽ 160 mm വരെ വ്യാസമുള്ള പിവിസി പൈപ്പുകളാണ് സ്ഥാപിക്കുന്നത്. ഒരു വർഷമാണ് നാല് പദ്ധതികളുടെയും നിർമ്മാണ കാലാവധി. പൈപ്പുകൾ ഇടാൻ വേണ്ടി പൊളിച്ചിട്ടുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി മൂന്ന് കോടിയോളം രൂപയും വകയിരുത്തിയിട്ടുണ്ട്.പോട്ട – മൂന്നുപീടിക റോഡിലെ പഴയ പൈപ്പ് ലൈൻ മാറ്റാനുള്ള 6.5 കോടി രൂപയുടെ നിർദ്ദേശവും സമർപ്പിച്ചിട്ടുണ്ട്. കേന്ദ്രാവിഷ്ക്യത പദ്ധതിയായ അമ്യതിന്റെ അമ്പത് ശതമാനം കേന്ദ്രവും 37.5 ശതമാനം സംസ്ഥാനവും 12.5 ശതമാനം നഗരസഭയുമാണ് വഹിക്കുന്നത്.