മാപ്രാണം വർണ്ണ സിനിമാസിൻ്റെ പ്രവർത്തനങ്ങൾ നിറുത്തി വയ്ക്കാൻ ഒരുങ്ങി ഇരിങ്ങാലക്കുട നഗരസഭ; മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്കായി 18 ലക്ഷം രൂപ ചിലവഴിക്കാനും നഗരസഭാ യോഗത്തിൽ തീരുമാനം; ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യക്കൂമ്പാരം നീക്കാത്തതിൽ പ്രതിപക്ഷ വിമർശനം…
ഇരിങ്ങാലക്കുട : മാപ്രാണം വർണ്ണ സിനിമാസിൻ്റെ പ്രവർത്തനങ്ങൾ നിറുത്തി വയ്ക്കാൻ ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ തീരുമാനം. 2024-25 വർഷത്തെ സിനിമാറ്റോഗ്രാഫി ലൈസൻസ് പുതുക്കാത്തതും ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, ക്ഷേമനിധി ബോർഡ്, ചലച്ചിത്ര അക്കാദമി , നഗരസഭയിൽ അടക്കേണ്ട വിനോദ നികുതി എന്നിവയിൽ വരുത്തിയിട്ടുള്ള കുടിശ്ശികകളും തീയേറ്റർ ഉടമയുടെ വീടിൻ്റെ വസ്തുനികുതി കുടിശ്ശികയും ചൂണ്ടിക്കാട്ടിയാണ് തീരുമാനം. കുടിശ്ശികകൾ തീർത്താൽ മാത്രമേ ലൈസൻസ് പുതുക്കി നൽകുകയുള്ളൂവെന്ന് ഉടമയെ അറിയിച്ചിട്ടുള്ളതാണെന്നും ഇത് സംബന്ധിച്ച് നഗരസഭാ യോഗത്തിന് മുമ്പാകെ എത്തിയ അജണ്ടയിൽ വ്യക്തമാക്കിയിട്ടുണ്ട്.
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്കായി പതിനെട്ട് ലക്ഷം രൂപ ചിലവഴിക്കാനും യോഗം തീരുമാനിച്ചു. ഓരോ വാർഡിലും 150 പണികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന കുടിശ്ശിക തീർക്കാനായി തനത് ഫണ്ടിൽ നിന്നും എട്ട് ലക്ഷത്തോളം രൂപ ചിലവഴിക്കാനും യോഗം തീരുമാനിച്ചു.
ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യക്കൂമ്പാരം നീക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്, വാർഡ് കൗൺസിലർ അഡ്വ ജിഷ ജോബി എന്നിവർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും വിമർശനം ഉയർന്നു. പിഡബ്ല്യു റോഡുകളിലെ അറ്റകുറ്റപ്പണികൾ അടിയന്തര സാഹചര്യത്തിൽ എറ്റെടുക്കാനുള്ള അനുമതി നഗരസഭ നേടിയെടുക്കണമെന്നും പഴി കേൾക്കേണ്ടി വരുന്നത് കൗൺസിലർമാർക്കാണെന്നും ഭരണകക്ഷി അംഗം ബിജു പോൾ അക്കരക്കാരൻ പറഞ്ഞു. നഗരസഭ പരിധിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കരാറുകാരുടെ പുറകേ നടക്കേണ്ട അവസ്ഥയാണെന്ന് എൽഡിഎഫ് അംഗം സി സി ഷിബിൻ ചൂണ്ടിക്കാട്ടി. കൂടൽ മാണിക്യം കൊട്ടിലാക്കൽ പറമ്പിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി അംഗം സന്തോഷ് ബോബനും യോഗത്തിൽ ആവശ്യപ്പെട്ടു. ഈ വർഷത്തെ ഞാറ്റുവേല മഹോത്സവം ജൂൺ 21 മുതൽ ജൂലൈ 1 വരെ ടൗൺ ഹാളിൽ നടത്താനും യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു.