മൂർക്കനാട് ഇരട്ടക്കൊലപാതകം ; പ്രധാനപ്രതികളിൽ ഒരാൾ പിടിയിൽ..
ഇരിങ്ങാലക്കുട :മൂർക്കനാട് ക്ഷേത്രത്തിലെ ആറാട്ടിനിടയിൽ നടന്ന ഇരട്ടക്കൊലപാതക കേസിലെ പ്രതി പുത്തൂർ പാറക്കൽ വീട്ടിൽ ആഷിക് (23) എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസ് ൻ്റെ നിർദ്ദേശാനുസരണം ഇരിങ്ങാലക്കുട ഡി വൈ എസ് പി കുഞ്ഞുമൊയ്ദീൻകുട്ടി, സി ഐ മനോജ് ഗോപി എന്നിവരുടെ മേൽനോട്ടത്തിൽ തൃശ്ശൂർ റൂറൽ ജില്ല ഡാൻസാഫ് സംഘവും ഇരിങ്ങാലക്കുട പോലീസും ചേർന്ന് അവിണിശേരിയിൽ നിന്നും പിടികൂടി.പ്രതിക്കെതിരെ മൂന്ന് മോഷണക്കേസും ഒരു കവർച്ചകേസും രണ്ട് കൊലപാതകശ്രമകേസും നിലവിലുണ്ട്. ഒല്ലൂർ സ്റ്റേഷൻ റൌഡി പട്ടികയിലുമുണ്ട്. കാപ്പ ചുമത്തി ജയിൽവാസം കഴിഞ്ഞ് ഇറങ്ങിയാണ് മൂർക്കനാട് കൊലപാതകത്തിൽ ഉൾപ്പെട്ടത്.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന അവിണിശ്ശേരിയിൽ എത്തിയ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ ഇയാളെ പോലീസ് സംഘം പിന്തുടരുവേ ഒരു വീടിന്റെ മതിൽക്കെട്ടിലേക്ക് എടുത്തുചാടിയ പ്രതി കിണറിലേക്ക് വീഴുകയും നാട്ടുകാരുടെ സഹായത്താൽ പോലീസ് സംഘം ഇയാളെ കിണറ്റിൽ നിന്നും പുറത്തെടുക്കുകയുമായിരുന്നു. മൂർക്കനാട് കേസുമായി ബന്ധപ്പെട്ട് ഇതിനകം പതിമൂന്ന് പേരാണ് അറസ്റ്റിൽ ആയിട്ടുള്ളത്. പ്രതിയെ പിടികൂടിയ സംഘത്തിൽ ഡാൻസാഫ് എസ് ഐ മാരായ ജയകൃഷ്ണൻ പി, ഷൈൻ. ടി ആർ, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ എസ് ഐ കെ.പി. രാജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്.വി .ദേവ്, സോണി സേവിയർ, സിവിൽ പോലീസ് ഓഫീസർ ഷിന്റോ. കെ ജെ എന്നിവരും ഉണ്ടായിരുന്നു.