ഉഷ്ണതരംഗം; നെല്ലുത്പാദനത്തിൽ വൻ ഇടിവ്; കാറളത്ത് ആയിരത്തോളം എക്കറിലെ കൃഷി പ്രതിസന്ധിയിൽ …

ഉഷ്ണതരംഗം; നെല്ലുത്പാദനത്തിൽ വൻ ഇടിവ്; കാറളത്ത് ആയിരത്തോളം എക്കറിലെ കൃഷി പ്രതിസന്ധിയിൽ …

 

ഇരിങ്ങാലക്കുട : ഉഷ്ണതരംഗത്തെ തുടർന്ന് മണ്ഡലത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ കാറളത്ത് പ്രതിസന്ധിയിലായിരിക്കുന്നത് ആയിരത്തോളം എക്കർ നെൽകൃഷി . നെല്ല് കൊയ്ത് എടുക്കാൻ ചെല്ലുമ്പോൾ പതിരായിട്ടാണ് കാണുന്നതെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു. ഒരു എക്കർ കൊയ്ത് കഴിഞ്ഞാൽ 32 ക്വിൻ്റൽ നെല്ല് കിട്ടേണ്ടിടത്ത് ഇപ്പോൾ ലഭിക്കുന്നത് 150 കിലോ മുതൽ 1500 കിലോ മാത്രം. ഒരു മണിക്കൂർ കൊയ്യാൻ 2100 രൂപ വരെയാണ് ചിലവ് വരുന്നത്. രണ്ട് മണിക്കൂർ കൊയ്താൽ കൊയ്ത്ത് ചിലവ് പോലും കിട്ടാത്ത സാഹചര്യമാണെന്ന ജില്ലാ കോൾ കർഷക സംഘം എക്സിക്യൂട്ടീവ് അംഗവും മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ വി എൻ ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. അധികം പതിരായ നെല്ല് എടുക്കാൻ മില്ലുകൾ തയ്യാറാകുന്നുമില്ല. കൊയ്ത്ത് തന്നെ ഉപേക്ഷിക്കേണ്ട സാഹചര്യത്തിലാണ് കർഷകർ. കാറളം പഞ്ചായത്തിൽ മാത്രമായി മൂവായിരം എക്കറിലാണ് കൃഷി ഇറക്കിയിട്ടുള്ളത്. ഇതിൽ പകുതിയോളം ഭാഗികമായും 25 % പൂർണ്ണമായും പുതിയ പ്രതിഭാസം ബാധിച്ചു അവസ്ഥയിലാണ്. 120 ഓളം കർഷകർക്കായി ലക്ഷങ്ങളുടെ നഷ്ടമാണ് ഉഷ്ണതരംഗത്തെ തുടർന്ന് സംഭവിച്ചിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വരും വർഷങ്ങളിലും കടുത്ത ചൂട് എന്ന അവസ്ഥ ആവർത്തിച്ചാൽ സെപ്റ്റംബറിൽ തന്നെ കൃഷിയിറക്കി മാർച്ചിന് മുമ്പായി കൊയ്ത് എടുക്കേണ്ടി വരുമെന്നും മൂപ്പ് കുറഞ്ഞതും പ്രത്യുൽപ്പാദന ശേഷിയുള്ളതുമായ വിത്തുകൾ ഉപയോഗിക്കേണ്ടി വരുമെന്നും ഇതിന് മുമ്പായി കാർഷിക സർവകലാശാല അധികൃതർ തന്നെ സ്ഥലം സന്ദർശിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നുണ്ട്.

Please follow and like us: