ആത്മീയ നവീകരണം ലക്ഷ്യമാക്കി ഇരിങ്ങാലക്കുട രൂപതയിൽ മെയ് 19 ന് ദിവ്യ കാരുണ്യ കോൺഗ്രസ്സ്; പങ്കെടുക്കുന്നത് 25000 പേർ…
ഇരിങ്ങാലക്കുട : ആത്മീയ നവീകരണം ലക്ഷ്യമാക്കി ഇരിങ്ങാലക്കുട രൂപതയിൽ ആദ്യമായി നടത്തുന്ന ദിവ്യകാരുണ്യ കോൺഗ്രസ്സിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയങ്കണത്തിൽ മെയ് 19 ന് രാവിലെ 10. 30 ന് നടക്കുന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് പാനിക്കുളം ദിവ്യകാരുണ്യ കോൺഗ്രസ്സ് ഉദ്ഘാടനം ചെയ്യുമെന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. രൂപതയിലെ 60000 കുടുംബങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25000 പേർ പരിപാടിയിൽ പങ്കെടുക്കും. പട്ടണത്തിലെ എഴ് കേന്ദ്രങ്ങളിലായി നടക്കുന്ന ദിവ്യകാരുണ്യ സെമിനാറുകളിൽ പതിനായിരം പേർ പങ്കെടുക്കും. ഉച്ചക്ക് 1. 30 മുതൽ നടക്കുന്ന ദിവകാരുണ്യ ആരാധനക്ക് ഫാ . അഗസ്റ്റിൻ വല്ലൂരാൻ നേത്യത്വം നൽകും. തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ ആശീർവാദം നിർവഹിക്കും. 2.30 മുതൽ നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമ്മികത്വം വഹിക്കും. വൈകീട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണം കത്തീഡ്രൽ പള്ളിയിൽ നിന്ന് ആരംഭിച്ച് പട്ടണം ചുറ്റി പള്ളിയിൽ തിരിച്ചെത്തും. തുടർന്ന് ദിവ്യകാരുണ്യ ആശീർവാദത്തോടെ ദിവ്യകാരുണ്യ കോൺഗ്രസ്സ് സമാപിക്കും. രൂപത വികാരി ജനറൽ മോൺ. ജോസ് മാളിയേക്കൽ, കത്തീഡ്രൽ വികാരി ഫാ. ഡോ ലാസർ കുറ്റിക്കാടൻ, ജനറൽ കൺവീനർ ഫാ റിജോയ് പഴയാറ്റിൽ, ജോ കൺവീനർമാരായ ടെൽസൻ കോട്ടോളി, ലിംസൺ ഊക്കൻ, രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡേവിസ് ഊക്കൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.