കേരള നോളജ് എക്കോണമി മിഷൻ്റെ നേതൃത്വത്തിൽ മെയ് 18 ന് സെൻ്റ് ജോസഫ്സ് കോളേജിൽ തൊഴിൽ മേള; ഇരുപതിലധികം കമ്പനികളുടെ പങ്കാളിത്തമെന്ന് അധികൃതർ…
ഇരിങ്ങാലക്കുട : കേരള നോളജ് എക്കോണമി മിഷൻ്റെയും കെ-ഡിസ്കിൻ്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ ആർട്സ് ആന്റ് സയൻസ് കോളേജുകളിലെ അവസാന വർഷ ഡിഗ്രി, പിജി വിദ്യാർഥികൾക്കും പാസ്സായ ഉദ്യോഗാർഥികൾക്കും വേണ്ടി മെയ് 18 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ രാവിലെ 8.30 മുതൽ 3.30 വരെ നടക്കുന്ന തൊഴിൽ മേളയിൽ ഇരുപതോളം കമ്പനികൾ പങ്കെടുക്കുമെന്ന് സെൻ്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ ബ്ലെസ്സി പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു തൊഴിൽ മേള ഉദ്ഘാടനം ചെയ്യും. രണ്ടാം തവണയാണ് കോളേജിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. അന്നേ ദിവസം സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യവും ഉണ്ടായിരിക്കും. ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് വിഭാഗത്തിൻ്റെ നേത്യത്വത്തിൽ മെയ് 12 രാവിലെ 9.30 മുതൽ 12.30 വരെ കോളേജിൽ സൗജന്യ ഉപരിപഠന സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. കരിയർ വിദഗ്ധൻ ജോമി പി എൽ സെമിനാറിന് നേത്യത്വം നൽകും. ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ ഷാജു ലോനപ്പൻ, കെ-ഡിസ്ക് ഉദ്യോഗസ്ഥരായ സുമേഷ് കെ ബി, അനിത വി ആർ, ഷാഹിദ് പി എം , കോളേജ് പിആർഒ എൻ ഉർസുല എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.