മഞ്ചേശ്വരത്തെ വാഹനാപകടം; വിട പറഞ്ഞ ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും മക്കൾക്കും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി..
ഇരിങ്ങാലക്കുട : കാസർകോട് മഞ്ചേശ്വരത്ത് ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശികളായ അച്ഛനും മക്കൾക്കും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കാറും ആംബുലൻസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കണ്ഠേശ്വരം പുതുമന വീട്ടിൽ ശിവകുമാർ ( 54) , മക്കളായ ശരത്ത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്. കാസർകോട് ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലുമായി നടന്ന പോസ്റ്റ്മാർട്ടങ്ങൾക്ക് ശേഷം ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് മൃതദേഹങ്ങൾ വീട്ടിലെത്തിച്ചത്. അപകട വിവരമറിഞ്ഞ് ശിവകുമാറിൻ്റെ സഹോദരൻ രാജനും ബന്ധുക്കളും മഞ്ചേശ്വരത്തേക്ക് പോയിരുന്നു. നാട്ടുകാരും ശരത്തിൻ്റെയും സൗരവിൻ്റെയും സഹപാഠികൾ അടക്കം ഒട്ടേറെ പേർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് ചടങ്ങുകൾക്ക് ശേഷം രാവിലെ പത്തരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.