ശ്രീ കൂടൽമാണിക്യം തിരുവുൽസവം ; ചാലക്കുടി കൂടപ്പുഴ കടവിൽ സംഗമേശ്വരന്റെ ആറാട്ട്

ശ്രീ കൂടൽമാണിക്യം തിരുവുൽസവം ; ചാലക്കുടി കൂടപ്പുഴ കടവിൽ സംഗമേശ്വരന്റെ ആറാട്ട് …

 

ഇരിങ്ങാലക്കുട: ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തിന്റെ സമാപനം കുറിച്ച് കൊണ്ടുള്ള ആറാട്ട് . ബുധനാഴ്ച ഉച്ചതിരിഞ്ഞ് 12.50 ന് നൂറു കണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ ചാലക്കുടി കൂടപ്പുഴ കടവിലായിരുന്നു ചടങ്ങുകൾ . മൂന്ന് ആനകളുടെ അകമ്പടിയോടെയാണ് ഭഗവാൻ ആറാട്ടിനെത്തിയത്. പ്രത്യേകം സജ്ജമാക്കിയ പന്തലിൽ നടന്ന പൂജകൾക്ക് ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ മകൻ ഋഷികേശ് നമ്പൂതിരി നേത്യത്വം നൽകി. ഉരുളിയിൽ തിടമ്പ് വെച്ചാണ് സംഗമേശ്വരന്റെ ആറാട്ടു നടത്തിയത്. ഭഗവാനൊപ്പം ശരണം വിളികളോടെ ഭക്തർ ആറാട്ട് മുങ്ങി. ആറാട്ടിന് ശേഷം കൂടപ്പുഴഎൻഎസ്എസ് കരയോഗത്തിൻ്റെ നേത്യത്വത്തിൽ പ്രസാദ വിതരണം നടന്നു. സനീഷ്കുമാർ എംഎൽഎ , ചാലക്കുടി നഗരസഭ ചെയർമാൻ അഡ്വ എബി ജോർജ്ജ്, ദേവസ്വം ചെയർമാൻ അഡ്വ കെ എ ഗോപി , ഭരണസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

രാവിലെ വൈഷ്ണവമന്ത്ര മുഖരിതമായ അന്തരീക്ഷത്തിലാണ് ആറാട്ടെഴുന്നള്ളിപ്പ് നടന്നത്. ക്ഷേത്ര കിഴക്കേ നടപ്പുരയിൽ തിങ്ങി നിറഞ്ഞ ഭക്തരെ സാക്ഷി നിറുത്തി രാവിലെ ഒൻപതരയോടെയാണ് ഭഗവാനെ പുറത്തേക്ക് എഴുന്നള്ളിച്ചത്. വടകുറുംബക്കാവ് ദുർഗ്ഗാദാസൻ തിടമ്പേറ്റി. നന്തിലത്ത് ഗോപീകണ്ണനും കൊളക്കാടൻ കുട്ടികൃഷ്ണനും അകമ്പടിയായി. കിഴക്കേ നടയിൽ പോലീസ് സംഘത്തിന്റെ ആചാരപ്രകാരമുള്ള റോയൽ സല്യൂട്ട് സ്വീകരിച്ച ശേഷം രാജകീയമായിട്ടായിരുന്നു യാത്ര. സംഗമേശനെ അനുഗമിച്ച് നിരവധി ഭക്തരും ഉണ്ടായിരുന്നു.

Please follow and like us: