ശ്രീകൂടൽമാണിക്യ തിരുവുൽസവം; അന്നദാനത്തിൽ ഓരോ ദിവസവും പങ്കാളികളാകുന്നത് ആയിരങ്ങൾ …

ശ്രീകൂടൽമാണിക്യ തിരുവുൽസവം; അന്നദാനത്തിൽ ഓരോ ദിവസവും പങ്കാളികളാകുന്നത് ആയിരങ്ങൾ …

 

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യ ക്ഷേത്രോൽസവത്തിന് എത്തുന്ന ഭക്തജനങ്ങൾക്കായുള്ള അന്നദാനത്തിൽ ഓരോ ദിവസവും പങ്കെടുക്കുന്നത് ആയിരങ്ങൾ . കടുത്ത ചൂടിനെ നേരിട്ടും മണിക്കൂറുകൾ വരി നിന്നാണ് അന്നദാനത്തിൽ ഭക്തജനങ്ങൾ പങ്കാളികളാകുന്നത്. ഭക്ഷണം എന്നതിൽ ഉപരിയായി വഴിപാട് എന്ന കാഴ്ചപ്പാടിലേക്ക് വളർന്ന് കഴിഞ്ഞതായി ദേവസ്വം അധികൃതർ പറയുന്നു. ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിലും തെക്കേ ഊട്ടുപുരയിലുമായി പത്ത് ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിനിടക്ക് എട്ട് ദിവസങ്ങളിലായി അറുപതിനായിരത്തോളം പേര്‍ക്കാണ് ദേവസ്വം നാലുനേരങ്ങളിലായി സൗജന്യ ഭക്ഷണം നല്‍കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് അനുസരിച്ച് എത്തുന്ന ഉദ്യോഗസ്ഥര്‍, പോലീസ്, കലാകാരന്‍മാര്‍, ആനക്കാര്‍, മേളക്കാര്‍, ഉത്സവ വളണ്ടിയര്‍മാര്‍, ആഘോഷകമ്മിറ്റി ഭാരവാഹികള്‍ എന്നിവരെല്ലാം അന്നദാനത്തില്‍ പങ്കാളികളാകുന്നുണ്ട്. ഭക്തജനങ്ങള്‍ക്ക് തെക്കേ ഊട്ടുപുരയിലും മേളക്കാര്‍ക്കും വളണ്ടിയര്‍മാര്‍ക്കും കലാകാരന്മാര്‍ക്കും ഭാരവാഹികള്‍ക്കും മറ്റും കലാനിലയം ഹാളിലുമാണ് അന്നദാനം. രാവിലെ പ്രഭാതഭക്ഷണം, ഉച്ചക്ക് പ്രസാദഊട്ട്, ഉച്ചതിരിഞ്ഞ് ചായയും കടിയും രാത്രി ഭക്ഷണം എന്നിങ്ങനെയാണ് നല്‍കുന്നത്. കൊടിപ്പുറത്ത് വിളക്ക് ദിവസം മുതല്‍ പള്ളിവേട്ട ദിവസം വരെയാണ് അന്നദാനം. ഓരോ ദിവസവും ഏഴായിരത്തിലേറെ പേര്‍ക്ക് അന്നദാനം നല്‍കുന്നുണ്ട്. ഭക്തജനങ്ങള്‍ക്ക് 11.30 മുതല്‍ രണ്ടുവരെയാണ് അന്നദാനമെങ്കിലും വരിയിലുള്ള മുഴുവന്‍ പേര്‍ക്കും ഭക്ഷണം നല്‍കുന്നുണ്ടെന്ന് ദേവസ്വം അധികൃതർ പറഞ്ഞു.. നന്തിപുലം സ്വദേശിയും പ്രമുഖ പാചകക്കാരനുമായ മധുവാണ് ഇക്കുറി പാചകത്തിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ആറാം തവണയാണ് മധു കൂടല്‍മാണിക്യം ഉത്സവത്തിന്റെ പാചകം ഏറ്റെടുക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പഴയിടം മോഹനന്‍ നമ്പൂതിരി, ഉണ്ണിസ്വാമി, സ്വാമീസ് ഗ്രൂപ്പ് എന്നീ പ്രമുഖ പാചകക്കാരെല്ലാം ഈ ചുമതല വഹിച്ചിട്ടുണ്ട്. പത്ത് ദിവസങ്ങളിലായി നടക്കുന്ന അന്നദാനത്തിന് 30 ലക്ഷത്തോളം രൂപയാണ് ചിലവ്. ദേവസ്വത്തിന് വഴിപാടായി ലഭിക്കുന്ന വരുമാനത്തില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പിലൂടേയുമാണ് ഈ ചെലവ് കണ്ടെത്തുന്നത്.

Please follow and like us: