വോട്ട് മറിച്ച് കൊടുക്കുന്ന സംസ്കാരം കോൺഗ്രസ്സിൻ്റേതെന്നും യുഡിഎഫ് നേത്യത്വവും കെപിസിസി നേത്യത്വവും കയ്യൊഴിഞ്ഞ സ്ഥാനാർഥിയാണ് കെ മുരളീധരൻ എന്നും വി എസ് സുനിൽകുമാർ….
ഇരിങ്ങാലക്കുട :പരാജയ ഭീതിയെ തുടർന്ന് സമനില തെറ്റിയ അവസ്ഥയിലാണ് യുഡിഎഫ് നേതാക്കൾ എന്നും യുഡിഎഫ് സ്ഥാനാർഥി തരം താണ നിലവാരത്തിലാണ് സംസാരിക്കുന്നതെന്നും എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാർ . വൈകീട്ട് നാല് മണിയോടെ ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിലെ ബൂത്ത് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില നേതാക്കൾ യുക്തിരഹിതമായി സംസാരിക്കുകയും പുലഭ്യം പറയുകയും ചെയ്യുന്ന അവസ്ഥയിലാണ്. ജയപ്രതീക്ഷയുള്ള എതെങ്കിലും സ്ഥാനാർഥി ഇത്തരം ശൈലിയിൽ സംസാരിക്കുമോ? കോൺഗ്രസ്സ് – ലീഗ് – ബിജെപി ധാരണയുടെ ചരിത്രം യുഡിഎഫ് സ്ഥാനാർഥി മൽസരിച്ച വടകരയിലാണുള്ളത്. ഇത്തരം ഡീൽ നടത്തി പരിചയമുള്ളവരാണ് സമാനമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്.കേഡർ സ്വഭാവമുള്ള ഇടതുപക്ഷ പ്രവർത്തകർ വോട്ട് മറച്ച് കൊടുക്കുന്നവർ അല്ല. യുഡിഎഫ് നേത്യത്വവും കെപിസിസി നേതൃത്വവും കയ്യൊഴിഞ്ഞ സ്ഥാനാർഥിയാണ് കെ മുരളീധരൻ. പൗരത്വ വിഷയത്തിൽ അധികം കോൺഗ്രസ്സ് സ്വീകരിച്ച നിലപാടിനെ തുടർന്ന് മതേതര സമൂഹത്തിൽ നിന്ന് തിരിച്ചടി ഉണ്ടാകുമെന്ന ബോധ്യമായപ്പോൾ കള്ളക്കഥകളുമായി ഇറങ്ങിയിരിക്കുകയാണെന്നും വലതുപക്ഷ മാധ്യമങ്ങൾ ഇക്കൂട്ടർക്ക് വലിയ പ്രചരണമാണ് നൽകുന്നതെന്നും എൽഡിഎഫ് സ്ഥാനാർഥി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു, എൽഡിഎഫ് നേതാക്കളായ കെ വി അബ്ദുൽഖാദർ, അഡ്വ കെ ആർ വിജയ , പി മണി എന്നിവരും ഒപ്പം ഉണ്ടായിരുന്നു.