പോളിംഗ് സമയം അവസാനിച്ചിട്ടും ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര തുടരുന്നു; കിഴുത്താണി സ്കൂളിൽ നീണ്ട നിര കണ്ടിട്ട് അമ്പതോളം പേർ വോട്ട് ചെയ്യാതെ മടങ്ങിയതായി പ്രാദേശിക രാഷ്ട്രീയ പ്രവർത്തകർ; തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ ഇത് വരെയുള്ള പോളിംഗ് ശതമാനം 70. 06 %; ഇരിങ്ങാലക്കുട മണ്ഡലത്തിൽ 70.83 %….
ഇരിങ്ങാലക്കുട :സമയം ആറര പിന്നിട്ടും ഇരിങ്ങാലക്കുട മണ്ഡലത്തിലെ പല ബൂത്തുകളിലും പോളിംഗ് തുടരുന്നു. വോട്ടർമാരുടെ നീണ്ട നിരയാണ് ചില ബൂത്തുകളിൽ ഈ സമയത്തും . കാറളം പഞ്ചായത്തിലെ കിഴുത്താണി ആർഎംഎൽപി സ്കൂളിലെ 25, 26, 27 ബൂത്തുകളിൽ വോട്ട് ചെയ്യാൻ എത്തിയ അമ്പതോളം പേർ നീണ്ട വരി കണ്ട് മടങ്ങിയതായി പ്രദേശത്തെ രാഷ്ട്രീയ പ്രവർത്തകർ പറഞ്ഞു. മൂന്ന് ബൂത്തുകളിലായി 3500 ഓളം വോട്ടർമാരാണുള്ളത്. സ്കൂളിൻ്റെ വരാന്തകളിലും ചെറിയ മുറ്റത്തിലും വോട്ടർമാർ തിങ്ങി നില്ക്കുന്ന അവസ്ഥയാണ് വൈകീട്ട് ആറ് മണിക്ക് ദൃശ്യമായത്. രാവിലെ മുതൽ തന്നെ പോളിംഗ് മന്ദഗതിയിലാണ് നീങ്ങിയതെന്ന് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പറഞ്ഞു. ആക്ഷേപം ഉയർന്നതോടെ ആർഡിഒ അടങ്ങുന്ന സംഘം ബൂത്ത് സന്ദർശിച്ചു. വോട്ടർമാർക്ക് ഇരിക്കാൻ കസേരകളും കുടിവെള്ളവും റവന്യൂ അധികൃതർ എത്തിച്ചിട്ടുണ്ട്. പ്രിസൈഡിംഗ് ഓഫീസറുടെ ഉത്തരവ് അനുസരിച്ച് കാട്ടൂർ പോലീസിൻ്റെ നേത്യത്വത്തിൽ ആറ് മണിക്ക് തന്നെ ഗെയിറ്റ് അടച്ചു. നിലവിലെ സാഹചര്യത്തിൽ അകത്തുള്ളവരുടെ പോളിംഗ് പൂർത്തിയാകാൻ എട്ട് മണിയെങ്കിലും ആകുമെന്ന് അധികൃതർ തന്നെ കണക്ക് കൂട്ടുന്നുണ്ട്.
അതേ സമയം തൃശ്ശൂർ ലോക്സഭ
മണ്ഡലത്തിലെ പോളിംഗ് ശതമാനം വൈകീട്ട് ആറരയോടെ 70. 06 ശതമാനമായി ഉയർന്നു. ഇരിങ്ങാലക്കുട മണ്ഡലത്തിൽ 70 . 83 % പേരാണ് വൈകീട്ട് ആറര വരെ വോട്ടവകാശം വിനിയോഗിച്ചിട്ടുള്ളത്. ജില്ലയിൽ ഈ സമയത്ത് 1281 ബൂത്തുകളിൽ 612 എണ്ണത്തിലെ പോളിംഗ് ആണ് പൂർത്തിയായിട്ടുള്ളത്.