പോളിംഗ് നീണ്ടതോടെ വോട്ടിംഗ് സാമഗ്രികൾ സ്വീകരണ കേന്ദ്രത്തിൽ എത്തിക്കുന്നതും നീണ്ടു ; ആദ്യ ടീം എത്തിയത് രാത്രി എട്ടരയോടെ…
ഇരിങ്ങാലക്കുട : പോളിംഗ് പൂർത്തിയാകാൻ വൈകിയതോടെ നടപടികൾ പൂർത്തീകരിച്ച് വോട്ടിംഗ് സാമഗ്രികൾ തിരിച്ച് സ്വീകരണ കേന്ദ്രത്തിൽ എത്തിക്കുന്നതും വൈകി. നടപടികൾ പൂർത്തീകരിച്ച് ആദ്യ ടീം ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിലെ സ്വീകരണ കേന്ദ്രത്തിൽ എത്തിയത് രാത്രി എട്ടരയോടെ. കാട്ടൂർക്കടവ് സെൻ്റ് മേരീസ് കാറ്റീസം ഹാളിലെ ബൂത്ത് നമ്പർ ഒന്നിലെ ടീമാണ് ആദ്യമെത്തി അധികൃതരുടെ കയ്യടി നേടിയത്. നിധിൻ ബി ലാൽ , യാദവ് പി ബി , ഷീജ, പ്രിയ കെ മോഹനൻ, അർജുനനൻ, പോലീസുകാരായ ഷീജ, ആകാശ് എന്നിവർ ആയിരുന്നു ടീമിൽ. ബൂത്തിൽ 809 വോട്ടർമാരാണ് ഉണ്ടായിരുന്നതെന്ന് പ്രിസൈഡിംഗ് ഓഫീസർ നിധിൻ ബി ലാൽ പറഞ്ഞു. 71. 84 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. അതേ സമയം മണ്ഡലത്തിലെ ഭൂരിപക്ഷം ബൂത്തുകളിലും പോളിംഗ് നടപടികൾ പൂർത്തികരിക്കാൻ വൈകിയിട്ടുണ്ടെന്ന് അധികൃതർ തന്നെ സൂചിപ്പിക്കുന്നുണ്ട്. കടുത്ത ചൂട് നിമിത്തം വോട്ടർമാർ ബൂത്തുകളിലേക്ക് എത്താൻ വൈകിയതും ഒരു ബൂത്തിൽ തന്നെ ആയിരത്തിൽ അധികം വോട്ടർമാർ ഉള്ളതും സാങ്കേതിക കാര്യങ്ങളും ഇതിന് കാരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ വോട്ടിംഗ് യന്ത്രങ്ങളും സാമഗ്രികളും സ്വീകരണ കേന്ദ്രത്തിൽ കൈപറ്റുന്ന പ്രക്രിയ പൂർത്തിയാകാൻ എറെ വൈകുമെന്ന് തന്നെയാണ് വ്യക്തമാകുന്നത്.