ജനിച്ചതും പഠിച്ചതും ഒരുമിച്ച്; കന്നിവോട്ടിനും ഈ മൂവര്‍ സംഘം ഒന്നിച്ചിറങ്ങി…
ഇരിങ്ങാലക്കുട: ഒറ്റപ്രസവത്തില്‍ ഒന്നിച്ച് ജനിച്ച് ഒന്നിച്ച് പഠിച്ച് ഒന്നിച്ചു വളര്‍ന്ന് കന്നിവോട്ടും ഒന്നിച്ച് ചെയ്യാനെത്തിയതിന്റെ സന്തോഷത്തിലാണ് മൂന്നു സഹോദരങ്ങള്‍. പുല്ലൂർ സ്വദേശി അഡ്വ. തേജസ് പുരുഷോത്തമന്റെയും രമ കെ. മേനോന്റെയും കടിഞ്ഞൂല്‍ പ്രസവത്തില്‍ പിറന്ന ഗായത്രി തേജസ് മേനോന്, ഗോപിക തേജസ് മേനോന്, ഗോകുല്‍ തേജസ് മേനോന് എന്നീ മൂവര്‍ സംഘമാണ് കന്നിവോട്ട് ചെയ്തത്. പുല്ലൂര്‍ എസ്എന്‍ എല്‍പി സ്കൂളിലായിരുന്നു ഇവര്‍ക്ക് വോട്ട്. 2003 ജനുവരി 14 നായിരുന്നു ഇവരുടെ ജനനം. നഴ്സറി മുതല്‍ 10-ാം ക്ലാസ് വരെ ഇവര്‍ മൂവരും ഒരേ ക്ലാസിലായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്. നാലാം ക്ലാസുവരെ അവിട്ടത്തൂര്‍ ഹോളിഫാമിലി എല്‍പി സ്കൂളിലും 10-ാം ക്ലാസുവരെ അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ സ്കൂളിലുമായിരുന്നു പഠനം. എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും എല്ലാ വിഷയത്തിലും എപ്ലസ് നോടി ഒരുമ കാക്കുകയും ചെയ്തു. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനാണ് അഡ്വ. തേജസ് പുരുഷോത്തമന്. അവിട്ടത്തൂര്‍ എല്‍ബിഎസ്എം സ്കൂളിലെ അധ്യാപികയാണ് മാതാവ് രമ. പഠനത്തിലെന്ന പോലെ ശാസ്ത്ര രംഗത്തും കലാരംഗത്തും മിടുക്കരാണിവര്‍. ഗോകുല്‍ ക്വിസ് മത്സരത്തില്‍ സംസ്ഥാനതലം വരെയുള്ള മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. പ്രസംഗത്തിലും ഉപന്യാസ രചനയിലും മികവു തെളിയിച്ചിട്ടുണ്ട്. ഗായത്രിയും ഗോപികയും ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഗൈഡ്സിന്റെ രാജ്യ പുരസ്കാരം നേടിയിട്ടുണ്ട്. കഥാപ്രസംഗത്തിലും സാമൂഹ്യപാഠം പ്രവര്‍ത്തി പരിചയമേളയിലും ഗോപിക മികവു തെളിയിച്ചിട്ടുണ്ട്. ഗായത്രി ചിത്രരചന, ഉപന്യാസ മത്സരങ്ങളില്‍ മികവു തെളിയിച്ചിട്ടുണ്ട്. ഗോകുലിനും ഗോപികയ്ക്കും പിതാവിന്റെ പാതയില്‍ വക്കീലാവാനാണ് മോഹവുമായി എല്‍എല്‍ബിക്കു പഠിക്കുകയാണ്. ലോകസഭതെരഞ്ഞടുപ്പില് ജനാധിപത്യ അവകാശം വിനിയോഗിക്കുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് മൂവരും പറഞ്ഞു.