ശ്രീ കൂടൽമാണിക്യം തിരുവുൽസവം ; ശീവേലിക്ക് ഭക്തജനപ്രവാഹം…

ശ്രീ കൂടൽമാണിക്യം തിരുവുൽസവം ; ശീവേലിക്ക് ഭക്തജനപ്രവാഹം…

 

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോൽസവം നാല് ദിവസം പിന്നിടുമ്പോൾ രാവിലത്തെ ശീവേലി എഴുന്നള്ളത്തും രാത്രിയിലെ വിളക്കും ദർശിക്കാൻ ആയിരങ്ങളാണ് ക്ഷേത്രത്തിൽ എത്തുന്നത്. ആനപ്രേമികൾക്കും മേള പ്രേമികൾക്കും ആനന്ദം പകരുന്നതാണ് കൂടൽമാണിക്യം ക്ഷേത്രോൽസവം. എട്ടു വിളക്കിനും എട്ടു ശീവേലിക്കും പതിനേഴ് ആനകൾ അണിനിരക്കും. പഞ്ചാരിമേളവും ഉണ്ടാകും. ഭഗവാന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ച് നാലമ്പലത്തിനു ചുറ്റും നാല് പ്രദക്ഷിണം ചെയ്തതിന് ശേഷമാണ് പഞ്ചാരിമേളത്തിന്റെ പതികാലത്തിന് കിഴക്കേ നടപ്പുരയിൽ കേളികൊട്ടുയരുന്നത്. നൂറോളം കലാകാരൻമാരാണ് പഞ്ചാരിമേളത്തിൽ അണി നിരക്കുന്നത്. ഒന്നര മണിക്കൂർ കൊണ്ട് പഞ്ചാരിയുടെ പതികാലം കിഴക്കേ നടപ്പുരയിൽ നാദ പ്രളയം തീർക്കും .തുടർന്ന് അഞ്ചാകാലം പടിഞ്ഞാറെ നടപ്പുരയിൽ കൊട്ടിത്തീർക്കും . രൂപകം കൊട്ടി കുലീപിനി തീർത്ഥകരയിൽ ചെമ്പട ഉതിർത്ത് കിഴക്കേ നടപ്പുരയിലെത്തി തിരുകലാശം നടത്തുന്നതോടെ മൂന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന മേളം സമാപിക്കും. ശീവേലിക്കും വിളക്കിനും പഞ്ചാരിമേളത്തിന്റെ ചിട്ടവട്ടത്തിന് വ്യത്യാസമില്ല. വലിയ വിളക്ക് ദിവസമാണ് പഞ്ചാരിമേളം അവസാനിക്കുന്നത്.

പ്രദക്ഷിണത്തിന് തിടമ്പേറ്റുന്ന ആനയ്ക്ക് അകമ്പടി സേവിക്കുന്നത് ഉള്ളാനകളാണ്. ദേവസ്സ് ആരോമലും നന്തിലത്ത് ഗോപീകണ്ണനുമാണ് ഇക്കുറി ഉളളാനകൾ.

Please follow and like us: