ഇരിങ്ങാലക്കുടയിൽ സ്ഥാപിച്ച ഫ്ലക്സുകളെ ചൊല്ലിയുള്ള വിവാദം; പരാതി നൽകി ഇടതുപക്ഷം; ഇരുവരും തമ്മിലുള്ള സൗഹ്യദം കണക്കിലെടുത്താണ് പരസ്യബോർഡുകൾ സ്ഥാപിച്ചതെന്നും നീക്കം ചെയ്തതായും എൻഡിഎ പ്രാദേശിക നേത്യത്വം

ഇരിങ്ങാലക്കുടയിൽ സ്ഥാപിച്ച ഫ്ലക്സുകളെ ചൊല്ലിയുള്ള വിവാദം; പരാതി നൽകി ഇടതുപക്ഷം; ഇരുവരും തമ്മിലുള്ള സൗഹ്യദം കണക്കിലെടുത്താണ് പരസ്യബോർഡുകൾ സ്ഥാപിച്ചതെന്നും നീക്കം ചെയ്തതായും എൻഡിഎ പ്രാദേശിക നേത്യത്വം….

 

ഇരിങ്ങാലക്കുട :ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാവും മുൻ എം പിയും ചലച്ചിത്ര നടനുമായ ഇന്നസെൻ്റിൻ്റെ ചിത്രം എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി പ്രചരണ ബോർഡിൽ വച്ച വിഷയത്തിൽ എൽ ഡി എഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണി ജില്ലാ കളക്ടർക്ക് പരാതി നൽകി. മുന്നണിയുടെയോ ഇന്നസെൻ്റിൻ്റെ കുടുബത്തിൻ്റെയോ അനുമതിയില്ലാതെയാണ് ചിത്രം പ്രചരണ ബോർഡിൽ വച്ചിരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും, ബോർഡുകൾ മാറ്റണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് ഇരിങ്ങാലക്കുട – എകെപി ജംഗ്ഷൻ റോഡിലുള്ള ഒഴിഞ്ഞ പറമ്പിൽ ഉൽസവാശംസകൾ നേർന്ന് കൊണ്ടുള്ള പരസ്യ ബോർഡ് പ്രത്യക്ഷപ്പെട്ടത്. എല്ലാത്തിനുമപ്പുറം സൗഹൃദം എന്നും ബോർഡിൽ രേഖപ്പെടുത്തിയിരുന്നു. തങ്ങളുടെ അറിവോടെയല്ല ബോർഡ് സ്ഥാപിച്ചിരിക്കുന്നതെന്ന് ഇന്നസെൻ്റിൻ്റെ കുടുംബം വ്യക്തമാക്കുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ എൻഡിഎ പ്രാദേശിക നേതാക്കളുടെ നേത്യത്വത്തിൽ തന്നെ പ്രചരണ ബോർഡ് ഉച്ചയോടെ നീക്കം ചെയ്യുകയായിരുന്നു. വിട പറഞ്ഞ നടൻ ഇന്നസെൻ്റും എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപിയും തമ്മിൽ ഉണ്ടായിരുന്ന സൗഹൃദം കണക്കിലെടുത്താണ് ബോർഡുകൾ സ്ഥാപിച്ചതെന്നും വിവാദമായ സാഹചര്യത്തിൽ ഇവ നീക്കം ചെയ്യാൻ സ്ഥാനാർഥി തന്നെ നിർദ്ദേശം നൽകിയെന്നും എൻഡിഎ പ്രാദേശിക നേത്യത്വം പറഞ്ഞു. പട്ടണത്തിലെ അഞ്ചോളം കേന്ദ്രങ്ങളിലാണ് ബോർഡുകൾ സ്ഥാപിച്ചിരുന്നത്.

Please follow and like us: