ശ്രീകൂടൽമാണിക്യം തിരുവുൽസവം ; ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വനം വകുപ്പും മ്യഗ സംരക്ഷണ വകുപ്പും …

ശ്രീകൂടൽമാണിക്യം തിരുവുൽസവം ; ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വനം വകുപ്പും മ്യഗ സംരക്ഷണ വകുപ്പും …

 

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ഉൽസവത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വനം വകുപ്പും മ്യഗ സംരക്ഷണ വകുപ്പും . ചാലക്കുടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുനിലാൽ എസ് എൽ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ ഷിബു കെ വി എന്നിവരുടെ നേത്യത്വത്തിൽ വൈകീട്ട് നാല് മണിയോടെയാണ് കൊട്ടിലാക്കൽ പറമ്പിൽ ആനകളുടെ പരിശോധന ആരംഭിച്ചത്. ആനകളുടെ ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള ചിപ്പിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഴുന്നളളിപ്പ് വിവരങ്ങൾ, മദകാലം, ഉടമസ്ഥത സർട്ടിഫിക്കറ്റ് എന്നിവ വനം വകുപ്പ് തേടിയ ശേഷം റിപ്പോർട്ട് മൃഗസംരക്ഷണ വകുപ്പിന് കൈമാറും. തുടർന്ന് ആനകളുടെ ലക്ഷണങ്ങൾ, മദ ഗ്രന്ഥി, ശരീരത്തിലെ വ്രണങ്ങൾ, എന്നിവ വിലയിരുത്തിയാണ് മൃഗസംരക്ഷണ വകുപ്പ് ഫിറ്റ്നെസ്സ് നൽകുന്നത്.പാപ്പാൻമാരുടെ വിവരങ്ങളും ആനകളുമായുള്ള സമ്പർക്കവും വിലയിരുത്തും. ആദ്യ ദിനത്തിൽ പതിനേഴോളം ആനകളെയാണ് പരിശോധിച്ചത്. രാത്രി ഒൻപത് മണിയോടെയാണ് ആദ്യദിനത്തിലെ പരിശോധനകൾ അവസാനിച്ചത്. തൃശ്ശൂർ പൂരം ചടങ്ങുകളിൽ പങ്കെടുത്തവയാണ് അധികം ആനകളും. പാപ്പാൻ അവധിയിലായത് കൊണ്ട് കൂടൽമാണിക്യം ദേവസ്വത്തിൻ്റെ സ്വന്തം ആനയായ മേഘാർജ്ജുനനെ ഇത്തവണ ഉൽസവത്തിന് എഴുന്നളളിക്കുന്നില്ല. ആനകളുടെ കാര്യത്തിൽ തൃശ്ശൂർ പൂരം എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക ഉത്തരവ് ഇറങ്ങിയിരുന്നു. കൂടൽമാണിക്യതിരുവുൽസവുമായി പ്രത്യേക ഉത്തരവ് ഒന്നും ദേവസ്വത്തിൽ ലഭിച്ചിട്ടില്ല. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും അധികൃതർ അറിയിച്ചു.

Please follow and like us: