ശ്രീ കൂടൽമാണിക്യം തിരുവുൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; തിരുവുൽസവത്തിന് നാളെ കൊടിയേറും….
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഉൽസവം ഏപ്രിൽ 21 ന് കൊടിയേറി മെയ് 1 ന് ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവിൽ ആറാട്ടോടെ സമാപിക്കുമെന്ന് ശ്രീകൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, അഡ്മിനിസ്ട്രേറ്റർ കെ ഉഷാനന്ദിനി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 21 ന് രാത്രി 8.10 നും 8.40 നും മധ്യേയാണ് കൊടിയേറ്റ ചടങ്ങ് നടക്കുക. ഉൽസവത്തോടനുബന്ധിച്ചുള്ള ബഹുനില അലങ്കാര പന്തലിൻ്റെയും ദീപാലങ്കാരങ്ങളുടെയും സ്വിച്ച് ഓൺ കർമ്മം 21 ന് വൈകീട്ട് 6 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും.തുടർന്നുള്ള ദിവസങ്ങളിൽ ശീവേലി, വിളക്ക്, വിവിധ വേദികളിലായി സാംസ്കാരിക സമ്മേളനം ,തിരുവതിരക്കളി, സമ്പ്രദായ ഭജന, നൃത്തന്യതങ്ങൾ, ഭരതനാട്യം, കർണ്ണാടക സംഗീതം, വയലിൻ കച്ചേരി, മോഹിനിയാട്ടം, കഥകളി, ഓട്ടൻതുള്ളൽ, സോപാന സംഗീതം,ഒഡീസ്സി, കുച്ചുപ്പുടി, കഥക് എന്നീ പരിപാടികൾ അരങ്ങേറും. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിൽ 100 ൽ പരം ഇനങ്ങളിലായി 3000 ത്തിൽ പരം കലാകാരൻമാർ പങ്കെടുക്കും. ഭരണസമിതി അംഗങ്ങളായ രാഘവൻ മുളങ്ങാടൻ, ഡോ മുരളി ഹരിതം , അഡ്വ കെ ജി അജയ്കുമാർ, വി സി പ്രഭാകരൻ, കെ ബിന്ദു എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.