കലാകാരന് ജാതി ചിന്തകൾ പാടില്ലെന്നും ഇഫ്താർ വിരുന്നിൽ പങ്കെടുക്കുകയും എകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് പറയുകയും ചെയ്യുന്ന തട്ടിപ്പ് കേരളത്തിൽ നടക്കില്ലെന്ന് മന്ത്രി ഗണേഷ്കുമാർ; ചലച്ചിത്ര രംഗത്തുള്ളവർ എല്ലാവരും ഇന്നസെൻ്റിനെ പോലെ നിഷ്കളങ്കർ അല്ലെന്നും തെളിവുകൾ പുറത്ത് വിടാൻ നിർബന്ധിക്കരുതെന്നും തൻ്റെ സിനിമകൾ കാണാൻ ഹിന്ദുക്കൾ മാത്രം വന്നാൽ മതിയോയെന്ന് ബിജെപി സ്ഥാനാർഥി പറയുമോയെന്നും മന്ത്രി….
ഇരിങ്ങാലക്കുട : കലാകാരന് ജാതി ചിന്ത പാടില്ലെന്നും ഹിന്ദുവാണെന്ന് പറയുകയും ഇതര മതസ്ഥർക്ക് ദോഷകരമായ കാര്യങ്ങൾ ചെയ്യാൻ ഒരുങ്ങുന്നതും ശരിയല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ. തൃശ്ശൂർ ലോക്സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാറിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പൊറത്തിശ്ശേരി കണ്ടാരംത്തറ മൈതാനിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൻ്റെ സിനിമ കാണാൻ എല്ലാവരും വരണമെന്ന് പറയുന്ന ബിജെപി സ്ഥാനാർഥി താൻ ഹിന്ദുവാനെന്നാണ് പറയുന്നത്. ഇയാളുടെ ചിത്രങ്ങൾ ഹിന്ദുക്കൾ മാത്രം കണ്ടാൽ മതിയോ? എകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് പറഞ്ഞിട്ട് ഇഫ്താർ വിരുന്നിന് പോയതിനെ താൻ കളിയാക്കിയെന്നാണ് ഇയാളുടെ വിഷമം. ബോധമുള്ള എല്ലാവരും ഇയാളെ ഇതിൻ്റെ പേരിൽ പരിഹസിച്ചതാണ്. കൊല്ലത്തെ മുസ്ലീം കുടുംബത്തിൽ പോയി ശാപ്പാട് അടിച്ചിട്ടുണ്ടെന്ന് പറയുന്ന ഇയാൾ ഇപ്പോൾ നില്ക്കുന്ന പാർട്ടിയിൽ പ്രവർത്തിക്കാൻ യോഗ്യനല്ല. സിനിമാ രംഗത്ത് നടൻ ഇന്നസെൻ്റിനെ പോലെ എല്ലാവരും നിഷ്കളങ്കരല്ല. മൂന്ന് വയസ്സുള്ള മകളുടെ മരണം 41 ലക്കങ്ങളിലായി ആഴ്ചപ്പതിപ്പിന് വിറ്റ് സൂപ്പർ സ്റ്റാർ ആയവരുണ്ട്.