മൂർക്കനാട് ഇരട്ടക്കൊലപാതകം; ഒന്നാം പ്രതിയായ മൂർക്കനാട് സ്വദേശി അറസ്റ്റിൽ …
ഇരിങ്ങാലക്കുട : മൂർക്കനാട് ഇരട്ടക്കൊലപാതകക്കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ . സംഭവത്തിന് ശേഷം ഒളിവിൽ പോയ മൂർക്കനാട് കറുത്തുപറമ്പിൽ മോഹൻദാസ് മകൻ അഭിനന്ദ് (26 വയസ്സ്) നെ റൂറൽ പോലീസ് എസ്പി നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി കുഞ്ഞുമൊയ്തീൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഇതോടെ മൂർക്കനാട് ശിവക്ഷേത്ര ഉൽസവത്തിൻ്റെ ആറാട്ടിനിടയിൽ മുൻവൈരാഗ്യങ്ങളുടെ പേരിൽ നടന്ന കത്തിക്കുത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിൽ ആയവരുടെ എണ്ണം കൗമാരകാരനടക്കം പതിമൂന്നായി. സംഭവത്തിന് ശേഷം പതിനേഴ് പേർക്കെതിരെയാണ് പോലീസ് കേസ്സെടുത്തിരുന്നത്. സംഭവത്തിന് ശേഷം ഒന്നാം പ്രതി അഭിനന്ദ് ബാംഗ്ളൂർ, സേലം എന്നിവടങ്ങളിൽ ഒളിവിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെ മൂർക്കനാട് നിന്ന് തന്നെയാണ് ഇയാളെ പിടികൂടിയത്.ഇരിങ്ങാലക്കുട സ്റ്റേഷനിൽ ചുണ്ണാമ്പ് കേസ് അടക്കം ആറോളം കേസുകളിൽ ഇയാൾ പ്രതിയാണ് .
സിഐ മനോജ് ഗോപി, എസ് ഐ അജാസുദ്ദീൻ, ഉദ്യോഗസ്ഥരായ ജയകൃഷ്ണൻ, സൂരജ് ദേവ്, സജിപാൽ , ഉമേഷ് , സുധാകരൻ, വിപിൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.