ബസ്സിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് വയോധികനെ ചവിട്ടി താഴെയിട്ട ചേർപ്പ് സ്വദേശിയായ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍…
ഇരിങ്ങാലക്കുട: സ്വകാര്യ ബസില്‍ നിന്നും വയോധികനെ ചവിട്ടി താഴെയിട്ട ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. ചേര്‍പ്പ് ഊരകം സ്വദേശി കടുകപറമ്പില്‍ രതീഷ് (43) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് പന്ത്രണ്ട് മണിയോടെ കരുവന്നൂര്‍ പുത്തന്‍തോട് വച്ചാണ് സംഭവം. കരുവന്നൂര്‍ എട്ടുമുന സ്വദേശിയായ മുറ്റിച്ചൂര്‍ വീട്ടില്‍ പവിത്ര(68) നാണ് പരിക്കേറ്റത്. തൃശൂര്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് വരികയായിരുന്ന ശാസ്ത എന്ന പേരിലുള്ള സ്വകാര്യ ബസില്‍ ചില്ലറ നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കരുവന്നൂർ ബംഗ്ലാവ് സ്റ്റോപ്പിനു സമീപത്തെ കെഎസ്ഇബി ഓഫീസില്‍ വൈദ്യുതി ബില്‍ അടക്കുവാന്‍ പോയതാണ് പവിത്രന്‍. കരുവന്നൂര്‍ രാജാ കമ്പനിയുടെ സമീപത്തുനിന്നാണ് പവിത്രന്‍ ബസ് കയറിയത്. പുത്തന്‍തോട് സ്റ്റോപ്പില്‍ ബസ് നിര്‍ത്താന്‍ തുടങ്ങിയപ്പോള്‍ ഇറങ്ങാന്‍ ശ്രമിച്ച പവിത്രനെ കണ്ടക്ടര്‍ പിന്നില്‍നിന്ന് ചവിട്ടി. ബസില്‍ നിന്നും വീണ വയോധികന്‍ ഇലക്ട്രിക് പോസ്റ്റിനു സമീപത്തെ കരിങ്കല്‍ കുറ്റിയിൽ തലയിടിച്ച് വീഴുകയായിരുന്നു. നിലത്തു വീണ പവിത്രനെ വീണ്ടും കണ്ടക്ടര്‍ മര്‍ദിക്കുകയായിരുന്നു. നാട്ടുകാര്‍ ബസ് തടഞ്ഞിടുകയും പവിത്രനെ മാപ്രാണം ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് വിദഗ്ദ ചികില്‍സക്കായി തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.