ക്ഷേത്ര ദർശനത്തിനുപോയ വയോധികയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്ന വിരുതൻ പിടിയിൽ…
ചാലക്കുടി : കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ മേലൂരിൽ അതിരാവിലെ ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികയുടെ സ്വർണ്ണമാല വലിച്ചുപൊട്ടിച്ചെടുത്തു കടന്നുകളഞ്ഞ വിരുതനെ തൃശൂർ റൂറൽ ജില്ലാപോലീസ് മേധാവി നവനീത് ശർമ ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി ആർ അശോകൻ, കൊരട്ടി എസ്എച്ച്ഒ അനൂപ് എൻ.എ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പിടികൂടി.
റൂറൽജില്ലയിൽ അടുത്തിടെ ഉണ്ടായ ബൈക്കിൽ എത്തി മാലമോഷണം നടത്തിയ കേസുകൾ അന്വേഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘമാണ് കൂവക്കാട്ടുകുന്ന് സ്വദേശി കൈതാരൻ വീട്ടിൽ ജോഷി (41 വയസ്സ്) എന്നയാളെ പിടികൂടിയത്.
മുരിങ്ങൂരിനടുത്ത് വാഹന മെക്കാനിക്ക് ജോലികൾ ചെയ്തുവരുന്നയാളാണ് പിടിയിലായ ജോഷി.
പുലർച്ചെ ബൈക്കിൽ വേഷം മാറി സഞ്ചരിച്ച് വിവിധ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ഒറ്റയ്ക്ക് പോകുന്ന വൃദ്ധരായ സ്ത്രീകളെ ലക്ഷ്യം വച്ചിരുന്ന ഇയാൾ സംഭവദിവസം മേലൂർകാലടി ശിവക്ഷേത്രത്തിന് സമീപംവച്ച് ഒറ്റയ്ക്ക് അമ്പലത്തിൽ പോവുകയായിരുന്നു വൃദ്ധയെ കാണുകയും ബൈക്ക് കുറച്ചകലെ മാറ്റിനിർത്തി ഓടിച്ചെന്ന് മാല പൊട്ടിച്ച് ബൈക്കിൽ കയറി കടന്നുകളയുകയുമായായിരുന്നു.കാലടി സ്വദേശിനിയുടെ രണ്ടര പവനോളം തൂക്കം വരുന്ന സ്വർണമാലയാണ് നഷ്ടപ്പെട്ടത്.
മുൻകാല കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ കുറ്റകൃത്യം ചെയ്തത് സമീപപ്രദേശങ്ങളിൽ ഉള്ള ആരോ ആണെന്ന് മനസ്സിലായ പ്രത്യേകാന്വേഷണ സംഘം രാത്രികാലങ്ങളിൽ ജോലി ചെയ്തു ജോലിസ്ഥലത്ത് തന്നെ വിശ്രമിക്കുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിനൊടുവിലാണ് മുരിങ്ങൂരിൽ ഓട്ടോറിക്ഷ വർക്ക് ഷോപ്പ് തൊഴിലാളിയും രാത്രി അവിടെത്തന്നെ ചിലവഴിക്കുന്ന ജോഷിയിലേക്ക് എത്തിയത്. രണ്ടു ദിവസത്തോളം ഇയാളെ നിരീക്ഷണ വിധേയമാക്കിയപ്പോൾ ചില സാമ്പത്തികബാധ്യതകൾ ഇയാൾ വീട്ടിയതായി അറിയുവാനായി സാധിച്ചു. തുടർന്ന് ജോഷിയെ കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. കൊടകരയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ മാല പണയം വെച്ച ഇയാൾ പിറ്റേദിവസം തന്നെ അത് എടുത്ത് മറ്റൊരു ജ്വല്ലറിയിൽ വിൽപ്പന നടത്തുകയായിരുന്നുവെന്ന് പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി സ്വർണ്ണം കണ്ടെടുക്കും. മാല വിൽപന നടത്താനും മറ്റും ജോഷി മറ്റാരുടെയെങ്കിലും സഹായം തേടിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്
അറസ്റ്റ് ചെയ്യുവാനും അന്വേഷണസംഘത്തിലും സബ് ഇൻസ്പെക്ടർമാരായ മുഹമ്മദ് ഷിഹാബ് കെ., വി.ജി സ്റ്റീഫൻ, ഷിബു സി.പി ,സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ് , എഎസ്ഐ മാരായ പി.എം മൂസ, സിൽജോ വി.യു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എ.യു റെജി ,ബിനു എം.ജെ, ഷിജോ തോമസ് , സജീഷ് കുമാർ പി.കെ, ജിബിൻ വർഗ്ഗീസ് എന്നിവരും ഉണ്ടായിരുന്നു.
പിടിയിലായ ജോഷിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.