പോക്സോ കേസ്സിൽ വള്ളിവട്ടം സ്വദേശിയായ 57 കാരന് 10 വർഷം കഠിനതടവ്…
ഇരിങ്ങാലക്കുട : പതിനാറുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 10 വർഷം കഠിനതടവും 50,000/ രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് രവിചന്ദർ സി. ആർ. വിധി പ്രസ്താവിച്ചു.
2014 മുതൽ 2017 വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത 16 വയസ്സുള്ള ആൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ഇരിങ്ങാലക്കുട പോലീസ് ചാർജ്ജ് ചെയ്ത കേസ്സിൽ പ്രതിയായ വള്ളിവട്ടം സ്വദേശി ഇയാട്ടിപ്പറമ്പിൽ നാരായണനെതിരെയാണ് (5 7വയസ്സ്) കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 11 സാക്ഷികളേയും 18 രേഖകളും തെളിവുകളായി നൽകിയിരുന്നു. ഇരിങ്ങാലക്കുട പോലീസ് സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന കെ. എസ്. സുശാന്ത് രജിസ്റ്റർ ചെയ് കേസ്സിൽ ഇൻസ്പെക്ടർ ആയിരുന്ന എം. കെ. സുരേഷ് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫീസർ ടി. ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
പോക്സോ നിയമത്തിൻ്റെ 6-ാം വകുപ്പ് പ്രകാരം 10 വർഷം കഠിനതടവും 50,000/- രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 3 മാസം വെറും തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ വിയ്യൂർ ജയിലിലേക്ക് റിമാൻഡ് ചെയ്തു.പിഴ സംഖ്യ ഈടാക്കിയാൽ ആയത് ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകുവാനും കൂടാതെ ഇരയ്ക്ക് മതിയായ നഷ്ടപരിഹാരം നൽകുവാൻ തൃശ്ശൂർ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയോട് ഉത്തരവിൽ നിർദ്ദേശമുണ്ട്.