മഹാനടൻ്റെ സ്മരണകൾ വീണ്ടെടുത്ത് ” ഓർമ്മകളിൽ ഇന്നസെൻ്റ് ” ; സ്വന്തം ദേശത്തെ അടയാളപ്പെടുത്തുന്നതിലും പ്രതിസന്ധികളെ നർമ്മത്തിൻ്റെ ഭാഷയിൽ നേരിടുന്നതിലും ഇന്നസെൻ്റ് പ്രകടിപ്പിച്ച ആർജ്ജവത്തെ സ്മരിച്ച് കലാ സാംസ്കാരിക പ്രവർത്തകർ.
ഇരിങ്ങാലക്കുട : ആഴമുള്ള ചിരിയുടെ വസന്തങ്ങൾ തീർക്കുകയും ജന്മനാടിനെ മലയാളിക്ക് മുമ്പിൽ അടയാളപ്പെടുത്തുകയും ചെയ്ത ഇന്നസെൻ്റിനെ ഒന്നാം ചരമദിനത്തിൽ അനുസ്മരിച്ച് കലാ സാംസ്കാരിക പ്രവർത്തകർ. നടൻ, ചലച്ചിത്ര നിർമ്മാതാവ്, സംഘാടകൻ, ജനപ്രതിനിധി, എഴുത്തുകാരൻ എന്നീ നിലകളിലുള്ള ഇന്നസെൻ്റിൻ്റെ ജീവിതത്തെ വീണ്ടെടുക്കുന്ന വേദിയായി ഒന്നാം ചരമവാർഷികദിനത്തിൽ എസ് എൻ ഹാളി സംഘടിപ്പിച്ച ” ഓർമ്മകളിൽ ഇന്നസെൻ്റ് ” എന്ന പരിപാടി മാറി. ജയപരാജയങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും ഇന്നസെൻ്റിനോടൊപ്പം ഉറച്ചു നിന്ന പത്നി ആലീസ് വിളക്ക് തെളിയിച്ചതോടെയാണ് അനുസ്മരണയോഗം ആരംഭിച്ചത്. സംഘാടക സമിതി ചെയർപേഴ്സണും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ ആർ ബിന്ദു അധ്യക്ഷയായിരുന്നു. വിട പറഞ്ഞ കലാകാരൻ്റെ സ്മരണാർത്ഥം അദ്ദേഹം പഠിച്ച ബോയ്സ് സ്കൂളിൽ ഒരു കോടി രൂപ ചിലവഴിച്ച് ഓഡിറ്റോറിയം നിർമ്മിക്കാനും പട്ടണത്തിൽ മിനി തീയേറ്റർ അടങ്ങുന്ന സാംസ്കാരിക സമുച്ചയത്തിൻ്റെ നിർമ്മാണത്തിനും നടപടികൾ സ്വീകരിച്ച് വരികയാണെന്ന് മന്ത്രി അറിയിച്ചു. ഗുരുവും സുഹൃത്തും സഹപ്രവർത്തകനുമായിരുന്നു തനിക്ക് ഇന്നസെൻ്റ് എന്നും ഇന്നസെൻ്റ് ഇല്ലാതെ പിന്നിട്ട ഒരു വർഷത്തിൻ്റെ വേദനകൾ പങ്ക് വച്ചു കൊണ്ട് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞു. തിരക്കുകൾക്കിടയിലും കുടുംബത്തെ ചേർത്ത് പിടിക്കാൻ കാണിച്ച മനസ്സും അമിതമായ ആഗ്രഹങ്ങൾ ഇല്ലാത്തതും കലാലോകത്ത് ഇന്നസെൻ്റിനെ വ്യത്യസ്തനാക്കിയെന്നും സത്യൻ അന്തിക്കാട് ചൂണ്ടിക്കാട്ടി. പേരിനൊപ്പം ഇരിങ്ങാലക്കുടയില്ലെങ്കിലും സ്വന്തം ദേശത്തെ ഇത് മാത്രം അടയാളപ്പെടുത്തിയ നടൻ വേറെയില്ലെന്ന് സംവിധായകൻ കമൽ പറഞ്ഞു. വന്ന് ചേർന്ന തീവ്രമായ രോഗത്തെ നേരിട്ട രീതി കൊണ്ട് മാത്രം ഇന്നസെൻ്റ ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണെന്നും കമൽ പറഞ്ഞു. ആത്മ പരിഹാസത്തിൻ്റെ കഥകളാണ് ഇന്നസെൻ്റിനെ വ്യത്യസ്തനാക്കുന്നതെന്ന് നാല്പത് വർഷക്കാലത്തെ അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിലും തൻ്റെ വിശ്വാസപ്രമാണങ്ങളിൽ ഇന്നസെൻ്റ് ഉറച്ച് നിന്നുവെന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. ഹാസ്യത്തിനും ചിരിക്കും സവിശേഷമായ നിർവചനം നൽകിയ വ്യക്തിയായിരുന്നു ഇന്നസെൻ്റ് എന്ന് എഴുത്തുകാരൻ അശോകൻ ചരുവിൽ പറഞ്ഞു. മുൻ എംഎൽ പ്രൊഫ കെ യു
അരുണൻ, സിബി കെ തോമസ്, ഇടവേള ബാബു, സിജി പ്രദീപ്, പ്രേംലാൽ, ഗായത്രി വർഷ എന്നിവരും സംസാരിച്ചു .സംഘാടകരായ ഡോ കെ പി ജോർജ്ജ് സ്വാഗതവും ജോസ് ജെ ചിറ്റിലപ്പിള്ളി നന്ദിയും പറഞ്ഞു.