നടൻ ഇന്നസെൻ്റ് വിട പറഞ്ഞിട്ട് മാർച്ച് 26 ന് ഒരു വർഷം ; ഓർമ്മകളിൽ ഇന്നസെൻ്റ് എന്ന പേരിൽ പട്ടണത്തിൽ കലാ- സാംസ്കാരിക രംഗത്തെ പ്രമുഖർ ഒത്തുചേരുന്നു….
ഇരിങ്ങാലക്കുട : മലയാളിക്ക് ഒടുങ്ങാത്ത ചിരിയോർമ്മകൾ നൽകിയ നടൻ ഇന്നസെൻ്റ് വിട പറഞ്ഞിട്ട് ഒരു വർഷം തികയുന്ന മാർച്ച് 26 ന് സാംസ്കാരിക പ്രവർത്തകരുടെ നേത്യത്വത്തിൽ ചരമവാർഷികം ആചരിക്കുന്നു. ” ഓർമ്മകളിൽ ഇന്നസെൻ്റ് ” എന്ന പേരിൽ അന്നേ ദിവസം ഇരിങ്ങാലക്കുട എസ് എൻ ബി എസ് സമാജം ഹാളിൽ വൈകീട്ട് 4.30 ന് ചേരുന്ന കൂട്ടായ്മ ഇന്നസെൻ്റിൻ്റെ പ്രിയതമ ആലീസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർപേഴ്സനും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ ആർ ബിന്ദു പത്ര സമ്മേളനത്തിൽ അറിയിച്ചു. സാംസ്കാരിക രംഗത്തെ പ്രമുഖരായ സത്യൻ അന്തിക്കാട്, കമൽ, വി കെ ശ്രീരാമൻ, അശോകൻ ചരുവിൽ, സിബി കെ തോമസ്, പ്രേംലാൽ , ഗായത്രി വർഷ , സിജി പ്രദീപ് എന്നിവർ പങ്കെടുക്കും. നടൻ, പൊതു പ്രവർത്തകൻ, ജനപ്രതിനിധി എന്നീ നിലകളിൽ ഇന്നസെൻ്റ് നടത്തിയിട്ടുള്ള ഇടപെടലുകൾ അടയാളപ്പെടുത്തുന്ന പ്രഭാഷണങ്ങൾ, വീഡിയോ പ്രദർശനം എന്നിവ ഇതോടനുബന്ധിച്ച് നടക്കും. ഇന്നസെൻ്റിന് സ്മാരകമായി ബോയ്സ് സ്കൂളിൽ ഓഡിറ്റോറിയവും പട്ടണത്തിൽ സംസ്കാരിക സമുച്ചയവും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. സംഘാടകരായ ഡോ കെ പി ജോർജ്ജ്, കെ രാജേന്ദ്രൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.