ഇരിങ്ങാലക്കുട മാർക്കറ്റ് പരിസരത്തെ മാംസ വ്യാപാരശാലയുടെ പ്രവർത്തനം വിലക്കിയ നഗരസഭ ഭരണസമിതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് കൊണ്ട് തദ്ദേശസ്ഥാപനങ്ങളുടെ ട്രിബ്യൂണൽ ഉത്തരവ്….
ഇരിങ്ങാലക്കുട: ഏറെ വിവാദങ്ങൾക്ക് ശേഷം ഇരിങ്ങാലക്കുട നഗരസഭ നിര്‍ത്തലാക്കിയ മാംസവില്പന ശാലക്ക് പ്രവര്‍ത്താനാനുമതി നല്കാന് കോടതി നിര്‍ദേശം. മാർക്കറ്റിനോടനുബന്ധിച്ച് ഈസ്റ്റ് കോമ്പാറ സ്വദേശി പുതുക്കാടൻ ബിനോയ് ആരംഭിച്ച തോംസണ്‍ സ്റ്റാളിൻ്റെ പ്രവർത്തനങ്ങൾ തടഞ്ഞു കൊണ്ടുള്ള നഗരസഭ ഉത്തരവിനെ സ്റ്റേ ചെയ്ത് കൊണ്ടാണ് തദ്ദേശസ്ഥാപനങ്ങളുടെ ട്രിബ്യൂണൽ ഉത്തരവായിരിക്കുന്നത്. 2024 മാർച്ച് 15 ന് ഇറക്കിയ നഗരസഭ ഉത്തരവിന് എതിരെ ഉടമ ബിനോയ് പുതുക്കാടന്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. മാര്‍ക്കറ്റിന് സമീപം പോര്‍ക്ക്, ബീഫ് വ്യാപാരം ആരംഭിക്കുന്നത് സംബന്ധിച്ച് നഗരസഭയില്‍ ലൈസന്‍സിനായി ബിനോയ് അപേക്ഷ നല്‍കിയിരുന്നു. മതിയായ രേഖകള്‍ ഹാജരാക്കിയില്ലെന്ന കാരണത്താല്‍ ലൈസന്‍സ് ആരോഗ്യവിഭാഗം നല്‍കിയിരുന്നില്ല. എന്നാല്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി ബിനോയ് നഗരസഭയില്‍ വീണ്ടും അപ്പീല്‍ നല്‍കിയിരുന്നു. കൗണ്‍സില്‍ യോഗത്തില്‍ ഏറെ വാദപ്രതിവാദങ്ങൾക്ക് ശേഷം ബിനോയ് നല്കിയ അപ്പീല്‍ തള്ളുവാന്‍ ഭരണസമിതി വോട്ടെടുപ്പോടെ തീരുമാനമെടുക്കുകയായിരുന്നു. യുഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ മാംസ വില്പനശാല അടച്ചിടുന്നതിന് അനുകൂലമായും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ മാംസ വില്പനശാല തുറന്നു പ്രവര്‍ത്തിക്കുന്നതിനും അനുകൂലമായിട്ടും വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ഭൂരിപക്ഷ തീരുമാന പ്രകാരം മാംസവില്പനശാലയുടെ പ്രവർത്തനങ്ങൾ നിറുത്തി വയ്ക്കാൻ ആരോഗ്യ വിഭാഗം നിര്‍ദേശം നല്കി. ഇതോടെയാണ് ബിനോയ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കിയത്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടയരുതെന്നും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഈ സ്ഥാപനത്തിനെതിരെ യാതൊരു വിധത്തിലും നടപടികള്‍ സ്വീകരിക്കരുതെന്നും ട്രിബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അനുകൂല ഉത്തരവിനെ തുടര്‍ന്ന് മാംസ വില്പനശാല വീണ്ടും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.