ജനസാഗരത്തിലലിഞ്ഞ് വി എസ് സുനില്‍കുമാറിന്റെ ഇരിങ്ങാലക്കുടയിലെ പര്യടനം ; അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബിജെപി വിരുദ്ധരെ കേന്ദ്രം വേട്ടയാടുകയാണെന്ന് മന്ത്രി പി രാജീവ് ..
ഇരിങ്ങാലക്കുട : കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാജ്യത്തെ ജനാധിപത്യത്തെ ജയിലിൽ അടച്ചതായി വ്യവസായ മന്ത്രി പി രാജീവ്. തൃശൂര്‍ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാർത്ഥി വി എസ് സുനിൽകുമാറിന്റെ ഇരിങ്ങാലക്കുടയിലെ പര്യടന പരിപാടി കാറളം സെൻ്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി വിരുദ്ധ പ്രചാരകരെ കേന്ദ്രം വേട്ടയാടുകയാണ്. രാജ്യത്ത് ഭീകരാവസ്ഥ സൃഷ്ടിച്ച് വിധ്വംസക ശക്തിയായി കേന്ദ്ര ഭരണകൂടം മാറിയെന്നും പി രാജീവ് പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദു അധ്യക്ഷത വഹിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, സിപിഐ ദേശീയ കൗൺസിൽ അംഗം കെ പി രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, അസിസ്റ്റന്റ് സെക്രട്ടറി പി ബാലചന്ദ്രൻ എംഎല്‍എ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി കെ സുധീഷ്, മുതിർന്ന നേതാവ് കെ ശ്രീകുമാർ, സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്, കെ ആർ വിജയ, ഏരിയ സെക്രട്ടറി വി എ മനോജ്കുമാർ, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ കെ ഉദയപ്രകാശ്, ഘടകകക്ഷി നേതാക്കളായ രാജു പാലത്തിങ്കൽ, ടി കെ വർഗ്ഗീസ്, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി എന്നിവർ സംസാരിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി മണി സ്വാഗതവും ലോക്കൽ സെക്രട്ടറി കെ എസ് ബൈജു നന്ദിയും പറഞ്ഞു. ലത ചന്ദ്രൻ, ഷീല അജയ്ഘോഷ്, ബിന്ദു പ്രദീപ് എന്നിവർ സന്നിഹിതരായിരുന്നു.
കാറളം സെന്ററിൽ നിന്നും ആരംഭിച്ച പര്യടനം ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സന്ദര്‍ശിച്ച് ആളൂർ പഞ്ചായത്തിലെ തുരുത്തിപറമ്പിൽ സമാപിച്ചു. സ്ഥാനാർഥിയെ കാണാനും ആശിർവദിക്കാനും എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും പ്രായഭേദമന്യേ നിരവധി പേരെത്തി. വിവിധ കേന്ദ്രങ്ങളിലെ പരിപാടികൾക്ക് കെ എസ് ജയ, സി ഡി സിജിത്ത്, ടി ജി ശങ്കരനാരായണൻ, ടി വി വിബിൻ, കെ എ ഷിഹാബ്, വർഗ്ഗീസ് മാത്യൂ, ഇ ആർ ജോഷി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.