ആർ എൽ വി രാമകൃഷ്ണനെതിരെയുള്ള നിന്ദാ വചനങ്ങൾ പ്രതിഷേധാർഹമെന്ന് മന്ത്രി ബിന്ദു ; വംശവർണ്ണ വെറിയ്ക്ക് കാലം മറുപടി നൽകുമെന്നും മന്ത്രി..

ആർ എൽ വി രാമകൃഷ്ണനെതിരെയുള്ള നിന്ദാ വചനങ്ങൾ പ്രതിഷേധാർഹമെന്ന് മന്ത്രി ബിന്ദു ; വംശവർണ്ണ വെറിയ്ക്ക് കാലം മറുപടി നൽകുമെന്നും മന്ത്രി..

 

 

ഇരിങ്ങാലക്കുട : സർഗ്ഗധനനായ കലാപ്രതിഭ ആർ എൽ വി രാമകൃഷ്ണനെതിരെ ഉയർന്ന നിന്ദാവചനങ്ങൾ അത്യന്തം പ്രതിഷേധാർഹമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു

മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാശാലിയാണ് ആർ എൽ വി രാമകൃഷ്ണൻ. ജാതീയവിവേചനത്തിന്റെയും വംശ-വർണ്ണവെറിയുടെയും ജീർണ്ണാവശിഷ്ടങ്ങളാണ് നിന്ദാവാക്കുകൾ പറഞ്ഞ വനിത ഉള്ളിൽ പേറുന്നത്.

 

മോഹിനിയാട്ടമെന്ന കലാരൂപത്തെ കാലഹരണപ്പെട്ട ഫ്യൂഡൽ മൂല്യബോധത്തിന്റെ മാറാല കെട്ടിയ പഴങ്കോട്ടകളിൽ നിന്ന് വിമോചിപ്പിച്ച കലാകാരനാണ് രാമകൃഷ്ണൻ. ഫ്യൂഡൽ പ്രഭുക്കൾക്ക് ഉപഭോഗവസ്തുവായി സ്ത്രീശരീരത്തെ കാണാനുള്ള അരങ്ങായി ഉപയോഗിക്കപ്പെട്ട മോഹിനിയാട്ടത്തിന്റെ അന്തസ്സ് വീണ്ടെടുത്ത്, വ്യഭിചാരമുദ്രകളിൽ നിന്ന് മഹത്തായ കലയെ മുക്തമാക്കി, കാലോചിതമായി പരിഷ്ക്കരിച്ച കലാപ്രവർത്തകരുടെ മുൻനിരയിലാണ് ആർ എൽ വി രാമക്യഷ്ണൻ .

 

ആർ എൽ വിയിൽ നിന്ന് മോഹിനിയാട്ടത്തിൽ ഉന്നതപഠനം ആരംഭിച്ച് ഡിപ്ലോമയും പി ജി ഡിപ്ലോമയും കഴിഞ്ഞ് എം.ജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം എ മോഹിനിയാട്ടം ഒന്നാം റാങ്കിൽ പാസാവുകയും കലാമണ്ഡലത്തിൽ നിന്ന് എംഫിൽ, പി.എച്ച്.ഡി ബിരുദങ്ങൾ നേടുകയും പെർഫോമിംഗ് ആർട്സിൽ നെറ്റ് കരസ്ഥമാക്കുകയും ചെയ്ത കലാകാരനെയാണ് അധിക്ഷേപിച്ചിരിക്കുന്നത്.

മോഹിനിയാട്ടത്തിൽ മറ്റാരേക്കാളും തലപ്പൊക്കം ആർ.എൽ.വി രാമകൃഷ്ണനാണ് അവകാശപ്പെടാൻ കഴിയുകയെന്നും അദ്ദേഹത്തെ തങ്ങൾ ചേർത്തു പിടിക്കുമെന്നും കലാകാരനൊപ്പമുള്ള മന്ത്രി വി ശിവൻകുട്ടിയും താനുമടക്കമുള്ള ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ച് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

Please follow and like us: