കേരളീയ നൃത്യനാട്യ കലകളിലെ കൈമുദ്രക രേഖപ്പെടുത്താൻ കൂടിയാട്ടകുലപതി വേണുജി കൈവരിച്ച നേട്ടങ്ങളെ ആഘോഷിക്കുവാൻ മുദ്രോൽസവുമായി സാംസ്കാരിക നഗരം..
ഇരിങ്ങാലക്കുട : കേരളീയന്യത്യനാട്യ കലകളിലെ കൈമുദ്രകൾ രേഖപ്പെടുത്താൻ കൂടിയാട്ടകുലപതി വേണുജി കൈവരിച്ച നേട്ടങ്ങളെ ആഘോഷിക്കുവാൻ മുദ്രോൽസവുമായി സാംസ്കാരിക നഗരം.നടനകൈരളിയിലെ കൊട്ടിച്ചേതം അരങ്ങിൽ നടന്ന മുദ്രോൽസവം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അംഗീകാരങ്ങൾ വേണുജിയെ തേടിയെത്താൻ വൈകിയെങ്കിലും ഈയടുത്ത് കേന്ദ്ര സംഗീത നാടക അക്കാദമിയും കേരള കലാമണ്ഡലവും വേണുജിയുടെ സംഭാവനകളെ അംഗീകരിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. പ്രൊഫ. ജോർജ്ജ് എസ് പോൾ അധ്യക്ഷത വഹിച്ചു. ന്യത്ത ചരിത്രകാരൻ വിനോദ് ഗോപാലകൃഷ്ണൻ, ഡോ സഞ്ജീവൻ അഴീക്കോട്, കഥകളി ക്ലബ് പ്രസിഡണ്ട് അനിയ മംഗലശ്ശേരി, സംഗീത നാടക അക്കാദമി ഭരണസമിതി അംഗം രേണു രാമനാഥ് എന്നിവർ സംസാരിച്ചു. തുടർന്ന് തമിഴ് ജനതയുടെ കാവലാൾ എന്ന് വിശേഷിപ്പിക്കുന്ന നാടോടി നായകൻ മദുരൈ വീരൻ്റെ സാഹസിക ജീവിതം കപില വേണു നങ്ങ്യാർകൂത്തിലൂടെ അവതരിപ്പിച്ചു. കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാനിലയം ഉണ്ണികൃഷ്ണൻ എന്നിവർ പശ്ചാത്തലമേളമൊരുക്കി.