ആനക്കൈമാറ്റത്തിന് കേന്ദ്ര അനുമതി; നടപടിയെ സ്വാഗതം ചെയ്ത് ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി; കേന്ദ്ര നടപടി 2022 ൽ രാജ്യസഭയിൽ നടത്തിയ വിഷയാവതരണത്തിൻ്റെ ഫലമെന്നും സുരേഷ് ഗോപി..
ഇരിങ്ങാലക്കുട : അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ആനക്കടത്തിനും കൈമാറ്റത്തിനും അനുമതി നൽകിയുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനത്തെ സ്വാഗതം ചെയ്ത് ബിജെപി തൃശ്ശൂർ ലോക്സഭാ മണ്ഡലം സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി. ഇത് സംബന്ധിച്ച 20222 ഏപ്രിൽ 6 ന് രാജ്യസഭയിൽ മലയാള ഭാഷയിൽ തന്നെ നാല് മിനിറ്റോളം വിഷയം അവതരിപ്പിച്ചിരുന്നു. തുടർന്ന് പരിസ്ഥിതി മന്ത്രി ഭൂപീന്ദർ യാദവ് വിവരങ്ങൾ ആവശ്യപ്പെട്ടത് അനുസരിച്ച് പാറമേക്കാവ് ദേവസ്വം അധികൃതരിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഉടൻ തന്നെ മന്ത്രിയുടെ ഓഫീസിൽ എത്തിച്ച് നൽകിയിരുന്നു. 2022 ലെ ശീതക്കാല പാർലമെൻ്റ് സമ്മേളനത്തിൽ ഇത് സംബന്ധിച്ച ബിൽ അവതരിപ്പിച്ചു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച കേന്ദ്ര വിജ്ഞാപനത്തിൻ്റെ അറിയിപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ചുവെന്നും ക്ഷേത്രീയ കേന്ദ്രങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പത്രസമ്മേളനത്തിൽ അറിയിച്ചു. വിഷയത്തിൽ കേരള സർക്കാർ തുടർ നടപടികൾ സ്വീകരിക്കണം. താനും ആനപ്രേമിയാണ് . ആനകളുടെ പരിപാലനവുമായി ബന്ധപ്പെട്ട് യുക്തിസഹമായ നിയമങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ആനകളില്ലാതെ പൂരം നടത്താൻ പറ്റില്ല. വിഷയത്തിൽ ബിഹാറിൽ നിന്നുള്ള ആർജെഡി എംപി മാരും തനിക്ക് പിന്തുണ നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.