സ്കൂട്ടർ മോഷണം; വെള്ളാങ്ങല്ലൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ;
അറസ്റ്റിലായത് നിരവധി വാഹനമോഷണ കേസുകളിലെ പ്രതി..
ഇരിങ്ങാലക്കുട : മാളയിൽ നിന്ന് സ്കൂട്ടർ മോഷണം നടത്തിയ കേസ്സിൽ വെള്ളാങ്ങല്ലൂർ സ്വദേശി തറയിൽ വീട്ടിൽ റിജുവിനെ (25 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.സി.കുഞ്ഞുമൊയ്തീനും സംഘവും പിടികൂടി. ഈ മാസം എട്ടാം തിയ്യതി മാള കടുപ്പൂക്കരക്കടുത്ത് ചേരിയേക്കര പാലത്തിനടുത്തു നിന്നാണ് ഇയാൾ സ്കൂട്ടർ മോഷ്ടിച്ചത്. മോഷണം നടത്തിയ സ്കൂട്ടർ ഇരിങ്ങാലക്കുടയിൽ നിന്ന് പോലീസ് സംഘം കണ്ടെടുത്തിട്ടുണ്ട്. പത്തോളം മോഷണ കേസ്സുകളിലെ പ്രതിയാണ് അറസ്റ്റിലായ റിജു. കാട്ടൂർ സ്റ്റേഷൻ പരിധിയിൽ മറ്റൊരു സ്കൂട്ടർ മോഷണ കേസ്സിൽ ജയിലിലായിരുന്ന ഇയാൾ മാസങ്ങൾക്ക് മുൻപാണ് ജാമ്യത്തിലിറങ്ങിയത്. വേറെയും ഇരുചക്ര വാഹനങ്ങൾ മോഷണം നടത്തിയിട്ടുള്ളതായി സംശയിക്കുന്നതായും ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും ഡി.വൈ.എസ്.പി. അറിയിച്ചു. ഇരിങ്ങാലക്കുട സ്റ്റേഷനിൽ നാലും മാള സ്റ്റേഷനിൽ രണ്ടും, കൊടുങ്ങല്ലുർ, മതിലകം, കാട്ടൂർ, തൃശൂർ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനുകളിൽ ഒന്നു വീതം മോഷണ കേസ്സുകൾ ഇയാളുടെ പേരിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇരിങ്ങാലക്കുട ഇൻസ്പെക്ടർ മനോജ് ഗോപി, മാള ഇൻസ്പെക്ടർ സുനിൽ പുളിക്കൽ, എസ്.ഐ. അബ്ദുൾ ജലീൽ, സീനിയർ സി.പി.ഒ മാരായ ഇ.എസ്. ജീവൻ, എ.ബി.സബീഷ്, കെ.ആർ രഞ്ജിത്ത്, സി.പി.ഒ മാരായ എം.ആർ.രാഗിൻ, സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, ലിഖേഷ് കാർത്തികേയൻ, എം.ഷാബു, മുരളി കൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.