പോക്സോ കേസിൽ കുറ്റിച്ചിറ സ്വദേശിയായ പ്രതിക്ക് 40 വർഷം തടവ്….
ഇരിങ്ങാലക്കുട:പ്രായപൂർത്തിയാകാത്ത അതിജീവിതക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 40 വർഷം തടവും 1,85,000/ രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് രവിചന്ദർ സി. ആർ. വിധി പ്രസ്താവിച്ചു.
2010 മുതൽ 2016 ഏപ്രിൽ വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത അതിജീവിതക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വെള്ളിക്കുളങ്ങര പോലീസ് ചാർജ്ജ് ചെയ് കേസ്സിൽ പ്രതിയായ കുറ്റിച്ചിറ സ്വദേശി അനിൽകുമാറിനെതിരെയാണ് (48 വയസ്സ്) കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 14 സാക്ഷികളേയും 19 രേഖകളും തെളിവുകളായി നൽകിയിരുന്നു. വെള്ളിക്കുളങ്ങര പോലീസ് സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന എ.ബി. സിബിൻ രജിസ്റ്റർ ചെയ്ത കേസ്സിൽ കൊടകര ഇൻസ്പെക്ടർ ആയിരുന്ന കെ. സുമേഷാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫീസർ ടി. ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
പോക്സോ നിയമത്തിൻ്റെ 6-ാം വകുപ്പ് പ്രകാരം 30 വർഷം കഠിനതടവും 1,50,000/- രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 9 മാസം വെറും തടവും പോക്സോ നിയമത്തിൻ്റെ 4-ാം വകുപ്പ് പ്രകാരം 7 വർഷം കഠിനതടവും 25,000/ രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 3 മാസം വെറും തടവും 8-ാം വകുപ്പ് പ്രകാരം 3 വർഷം വെറും തടവും 10,000/- രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 2 മാസം വെറും തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ വിയ്യൂർ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
പിഴ ഈടാക്കിയാൽ ആയത് അതിജീവിതക്ക് നഷ്ടപരിഹാരമായി നൽകുവാനും ഉത്തരവിൽ നിർദ്ദേശമുണ്ട്.