പശ്ചിമഘട്ടത്തിൽ നിന്നും നാല് പുതിയ ഇനം ചിലന്തികളെ കണ്ടെത്തി; പഠനം നടന്നത് ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗത്തിൻ്റെ നേതൃത്വത്തിൽ.. …
ഇരിങ്ങാലക്കുട : തമിഴ്‌നാട്ടിലെ കന്യാകുമാരിയിലും കേരളത്തിലെ വയനാട്, കാസർഗോഡ് എന്നിവിടങ്ങളിലെ മലനിരകളിലും നടത്തിയ പഠനത്തിൽ പുതിയ ഇനം ചിലന്തികളെ കണ്ടെത്തി.
കന്യാകുമാരിയിലെ അപ്പർവിക്‌ടറി എസ്റ്റേറ്റിലെ പുൽമേടുകളിൽ നടത്തിയ പഠനത്തിലാണ് ചാട്ടചിലന്തി കുടുംബത്തിൽ വരുന്ന പുതിയ ഇനം ചിലന്തിയെ കണ്ടെത്തിയത്. ഇന് ഡൊപാടില്ല കന്യാകുമാരി (Indopadilla kanniyakumar) തേളിന്റെ ശരീരത്തിനോട് സാമ്യമുണ്ട്. ഏകദേശം 7മില്ലിമീറ്റർ നിളമുള്ള ആൺചിലന്തിയുടെ തിളങ്ങുന്ന കറുത്തനിറത്തിലുള്ള ശരീരത്തിന്റെ വശങ്ങളിലായി മഞ്ഞനിറത്തിലുള്ള അടയാളങ്ങൾ കാണാം. തലയുടെ മുകൾഭാഗത്തായി വെളുത്തരോമങ്ങളും കണ്ണുകൾകൾക്കുചുറ്റും തവിട്ടു നിറത്തിലുള്ള രോമങ്ങളും ഉണ്ട്. നീളംകൂടിയ ആദ്യജോഡി കാലുകൾ കറുത്തനിറത്തിലുള്ളതും ബാക്കി മൂന്ന്ജോഡി കാലുകൾ ഇളംതവിട്ടുനിറത്തിലുള്ളതുമാണ്. ഏകദേശം 6മില്ലിമീറ്റർ നീളമുള്ള പെൺചിലന്തിയുടെ ഉദരഭാഗം ഇളംതവിട്ടുനിറത്തിലും ശിരസ്സ് ഇളംമഞ്ഞനിറത്തിലുമാണ്. വെളുത്ത രോമാവൃതമായ ശരീരത്തിൽ കറുത്തകുത്തുകൾ കാണാം. കണ്ണുകൾക്ക് ചുറ്റും കറുത്തപാടുകളുള്ള ഇവയുടെ കാലുകൾ എല്ലാം ഇളംമഞ്ഞനിറത്തിലുള്ളതാണ്. പുൽമേടുകളിലും മറ്റുംകാണുന്ന ചെറിയപ്രാണികളെയാണ് ഇവ ഭക്ഷണമാക്കുന്നത്.
വയനാട്ടിലും കാസർഗോഡും നടത്തിയ പഠനത്തിൽ നീണ്ടതാടിക്കാരൻ ചിലന്തികുടുംബത്തിൽ വരുന്ന മൂന്നിനം ചിലന്തികളെ ഇന്ത്യയിൽനിന്നും ആദ്യമായിട്ടാണ് കണ്ടെത്തുന്നത്. ഇരയെ പിടിച്ചു കീഴടക്കാൻ ഉപയോഗിക്കുന്ന അവയവങ്ങൾ നീണ്ടിരിക്കുന്നതുകൊണ്ടാണ് ഈ ചിലന്തിക്ക് ഈ പേരുവന്നിരിക്കുന്നത്.
വട്ടത്തിൽ വലനെയ്‌തു പുൽനാമ്പുകൾക്കടിയിൽ ഒളിച്ചിരുന്ന് ഇരപിടിക്കുകയാണ് ഇവ ചെയുന്നത്. വളരെ നീളമേറിയ ശരീരമുള്ള ഇവയുടെ കാലുകളും നീളമുള്ളതാണ്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം മേധാവി ഡോ. സുധികുമാർ എ.വി.യുടെ നേതൃത്വത്തിൽ നടത്തിയ ഈ പഠനത്തിൽ ഗവേഷണവിദ്യാർത്ഥികളായ ഋഷികേശ് ത്രിപാഠി, അഞ്ചു കെ. ബേബി, ഗൗതം കദം, സുധിൻ പി.പി. എന്നിവർ പങ്കാളികളായി. ഈ കണ്ടെത്തലുകൾ ഇംഗ്ലണ്ടിൽ നിന്നും പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ശാസ്ത്രമാസികയായ ബ്രിട്ടീഷ് ജേർണൽ ഓഫ് അരക്നോളജിയുടെ (Arachnology) അവസാനലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ദേശിയ ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെയും (DST) യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെയും (UGC) സാമ്പത്തിക സഹായത്തോടെയാണ് ഈ പഠനങ്ങൾ നടത്തിയത്.