ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള അഞ്ചാം ദിവസത്തിലേക്ക്; കണ്ണ് നിറയിച്ച് ” ജനനം 1947 പ്രണയം തുടരുന്നു “.
ഇരിങ്ങാലക്കുട : അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രേക്ഷകരുടെ കണ്ണുകൾ നിറയിച്ച് ജനനം 1947, പ്രണയം തുടരുന്നു എന്ന ചിത്രം . മാസ് മൂവീസിൽ നടന്ന ചിത്രത്തിൻ്റെ പ്രദർശനാനന്തരം സംവിധായകൻ അഭിജിത്ത് അശോകനെയും ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരെയും കൂടിയാട്ടകുലപതി വേണുജി ആദരിച്ചു. വ്യവസ്ഥിതിയുടെ മനുഷ്യത്വ വിരുദ്ധ സ്വഭാവം കൃത്യമായി അടയാളപ്പെടുത്തിയ ആകാശത്തിന് താഴെ എന്ന ചിത്രവും മികച്ച അഭിപ്രായം തേടി. സംവിധായകൻ ലിജേഷ് മുല്ലേഴത്ത് , നിർമ്മാതാവ് എം ജി വിജയ്, നടി സിജി പ്രദീപ് എന്നിവരെ മുകുന്ദപുരം തഹസിൽദാർ സിമേഷ് സാഹൂ ആദരിച്ചു. ചലച്ചിത്ര മേളയുടെ അഞ്ചാം ദിവസമായ മാർച്ച് 12 ന് രാവിലെ 10 ന് നിള, തുടർന്ന് 12 ന് വൈറൽ സെബി എന്നീ മലയാള ചിത്രങ്ങളും വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ പേർഷ്യൻ ചിത്രമായ എൻഡ്ലെസ്സ് ബോർഡേഴ്സും പ്രദർശിപ്പിക്കും.