മാര്‍ക്കറ്റിലെ മാംസ വില്പനയെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തില്‍ ബഹളം, വോട്ടെടുപ്പ്…

മാര്‍ക്കറ്റിലെ മാംസ വില്പനയെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തില്‍ ബഹളം, വോട്ടെടുപ്പ്…

 

ഇരിങ്ങാലക്കുട: മാര്‍ക്കറ്റിലെ മാംസ വില്പനയെ ചൊല്ലി നഗരസഭ യോഗത്തില്‍ വീണ്ടും ബഹളം. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ഏറെ വാക്കു തര്‍ക്കങ്ങള്‍ക്കൊടുവില്‍ മാറ്റി വച്ച അജണ്ട വീണ്ടും കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചക്കെടുത്തപ്പോഴാണ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റം നടന്നത്. പുതുക്കാടന്‍ വീട്ടില്‍ ബിനോയ് മാര്‍ക്കറ്റിനു സമീപം മാംസവില്പന നടത്തുന്നതിന് നഗരസഭയില്‍ ലൈസന്‍സിനായി അപേക്ഷ നല്‍കിയിരുന്നു. മതിയായ രേഖകള്‍ ഹാജരാക്കിയില്ലെന്ന കാരണത്താല്‍ ലൈസന്‍സ് നല്‍കിയിരുന്നില്ലെന്നും അതിനാല്‍ ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതുമായി സംബന്ധിച്ചാണ് ചര്‍ച്ച നടന്നത്. അജണ്ട വായിച്ചതോടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുവാന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായി ചെയര്‍പേഴ്സണ്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുവാന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് കഴിയില്ലെന്നും കൗണ്‍സിലില്‍ ഈക്കാര്യം ചര്‍ച്ചചെയ്തു തീരുമാനമാക്കണമെന്നും എൽഡിഎഫും ബിജെപിയും ആവശ്യപ്പെട്ടു. രണ്ടു നീതിയാണ് ഈ വിഷയത്തില്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നതെന്നും വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന നടപടികളില്‍ നിന്നും ഭരണ നേതൃത്വം പിന്മാറണമെന്നും എല്‍ഡിഎഫ് ആവശ്യപ്പട്ടു. മാംസവ്യാപാരം നടത്തുന്നതിന് ബിനോയ് നല്‍കിയ അപേക്ഷ മാത്രം നിരസിക്കുന്നതു ശരിയല്ലെന്നും മാര്‍ക്കറ്റിനുള്ളില്‍ മാംസ വ്യാപാരത്തിനു സോണുകള്‍ തിരിച്ചതിനു ശേഷം ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചാല്‍ മതിയെന്നും ലൈസന്‍സ് പുതുക്കുന്നതിനു അപേക്ഷ നല്‍കുമ്പോള്‍ മാംസ വ്യാപാരികള്‍ നല്‍കുന്ന രേഖകള്‍ കൃത്യമായി പരിശോധിക്കണമെന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാരായ അഡ്വ. കെ.ആര്‍. വിജയ, സി.സി. ഷിബിന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. മാര്‍ക്കറ്റിനു പുറത്ത് മാംസ വ്യാപാരം നടത്തുന്നതു അംഗീകരിക്കുവാന്‍ സാധിക്കില്ലെന്നും മാര്‍ക്കറ്റിനുള്ളില്‍ മുറി നല്‍കി വ്യാപാരം നടത്തുവാന്‍ ബിനോയിയെ അനുവദിക്കണമെന്നും ബിജെപി കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്‍, ടി.കെ. ഷാജു എന്നിവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറെ നേരം വാക്കേറ്റം നടന്നു. അറവുശാലകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ നിബന്ധനകള്‍ക്ക് വിധോയമായി മാത്രമേ മാംസ വ്യാപാരത്തിന് അനുമതിപത്രം നൽകാൻ കഴിയുകയുള്ളൂവെന്നും നഗരസഭ സെക്രട്ടറി പറഞ്ഞു. ലൈസന്‍സിനു അപേക്ഷ നല്‍കിയപ്പോള്‍ മതിയായ രേഖകള്‍ ഇല്ലാത്തതാണ് ബിനോയിക്ക് ലൈസന്‍സ് നല്‍കാതിരുന്നതെന്നും ഇക്കാര്യത്തില്‍ കൗണ്‍സിലില്‍ നയപരമായ തീരുമാനങ്ങള്‍ ഉണ്ടാകണമെന്നും സെക്രട്ടറി പറഞ്ഞു. പല മാംസ വ്യാപാര സ്ഥാപനങ്ങളും മതിയായ രേഖകളില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇക്കാര്യത്തില്‍ വോട്ടെടുപ്പ് വേണമെന്നും എല്‍ഡിഎഫ് ആവശ്യപ്പട്ടു. യുഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ ബിനോയ് നല്‍കിയ അപ്പീല്‍ തള്ളുന്നതിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഇക്കാര്യത്തില്‍ മാര്‍ക്കറ്റ് വാര്‍ഡ് കൗണ്‍സിലര്‍ അടക്കമുള്ളവരുടെ നിലപാട് വോട്ടെടുപ്പോടെ വ്യക്തമായെന്ന് അഡ്വ. കെ.ആര്‍. വിജയ പറഞ്ഞു. യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു.

Please follow and like us: