കൈയ്യടികൾ നേടി “മാവോയിസ്റ്റ്” ഉം ബട്ടർഫ്ലൈ ഗേൾ 85 ഉം ; അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള നാലാം ദിനത്തിലേക്ക്…
ഇരിങ്ങാലക്കുട : വിയോജിപ്പുകളെയും വിമതശബ്ദങ്ങളെയും അടിച്ചമർത്തുന്ന ഭരണകൂടനയങ്ങളെ വിമർശിക്കുന്ന ” മാവോയിസ്റ്റ്” ന് കയ്യടികൾ . അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്രമേളയുടെ ഭാഗമായി മാസ് മൂവീസിൽ പ്രദർശിപ്പിച്ച ചിത്രത്തിൻ്റെ ആദ്യത്തെ തീയേറ്റർ സ്ക്രീനിംഗ് കൂടിയാണ് നടന്നത്. പ്രദർശാനനന്തരം നടന്ന ചടങ്ങിൽ സംവിധായകൻ പ്രതാപ് ജോസഫിനെ കലാനിരൂപകയും കേരളസംഗീതനാടക അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ രേണു രാമനാഥ് ആദരിച്ചു. അതിജീവനത്തിനായി സമൂഹമാധ്യമങ്ങളുടെ സാധ്യതകൾ തേടിയ യുവതിയുടെ കഥ പറഞ്ഞ ബട്ടർഫ്ലൈ ഗേൾ 85 എന്ന ചിത്രവും പ്രേക്ഷക പ്രശംസ നേടി. സംവിധായകൻ പ്രശാന്ത് മുരളി പത്മനാഭനെയും അഭിനേതാക്കളെയും ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ-വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ അഡ്വ ജിഷ ജോബി ആദരിച്ചു. ചലച്ചിത്രമേളയുടെ നാലാം ദിനമായ മാർച്ച് 11 ന് രാവിലെ 10 ന് ” ആകാശത്തിന് താഴെ “, തുടർന്ന് 12 മണിക്ക് ” ജനനം 1947 പ്രണയം തുടരുന്നു ” എന്നീ ചിത്രങ്ങൾ മാസ് മൂവീസിലും വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ ഡിസ്കോബോയ് ” എന്ന ഫ്രഞ്ച് ചിത്രവും പ്രദർശിപ്പിക്കും.