ഭരണഘടന, ന്യൂനപക്ഷ അവകാശങ്ങള്‍
സംരക്ഷിക്കുന്നവര്‍ തിരഞ്ഞെടുക്കപ്പെടണമെന്ന് ബിഷപ്പ്
മാര്‍ പോളി കണ്ണൂക്കാടൻ ; വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വൈദികരും കന്യാസ്ത്രികളും തടവിലാക്കപ്പെടുകയാണെന്ന് വിമർശനം …
ഇരിങ്ങാലക്കുട : ഭരണഘടനാ മൂല്യങ്ങളും ന്യൂനപക്ഷാവകാശങ്ങളും മതേതരത്വവും സംരക്ഷിക്കുന്നവരാകണം അടുത്ത തിരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളാകേണ്ടതെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍.
ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ സഭയ്ക്ക് കക്ഷിരാഷ്ട്രീയമില്ലെന്നും എന്നാല്‍ രാജ്യത്തിന്റെയും ക്രൈസ്തവ സമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടി നിലകൊള്ളുന്നവരാകണം അധികാരസ്ഥാനങ്ങളിലെത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ബഹുസ്വരതയും മതസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം. വിവിധ രംഗങ്ങളില്‍ ഇന്ത്യ വന്‍നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ടെങ്കിലും സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കര്‍ഷകര്‍, മല്‍സ്യത്തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.
ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ക്രൈസ്തവര്‍ നേരിടുന്ന സാഹചര്യമുണ്ട്. മതേതര മൂല്യങ്ങളെ തള്ളിക്കളയുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തി മതധ്രുവീകരണം നടത്തുകയും ചെയ്യുന്ന പ്രവണത നിരുല്സാഹപ്പെടുത്തണം. ജനാധിപത്യ സ്ഥാപനങ്ങള്‍ ദുര്ബലമാക്കപ്പെടുന്ന അപകടകരമായ സ്ഥിതിവിശേഷവുമുണ്ട്. പല സംസ്ഥാനങ്ങളിലും മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പേരില്‍ വൈദികരും കന്യാസ്ത്രികളും തടവിലാക്കപ്പെടുകയും ക്രൈസ്തവ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്യുന്ന പ്രവണത ആശങ്കയുളവാക്കുന്നതാണ്. മാധ്യമങ്ങളെ നിശ്ശബ്ദരാക്കി ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളും അരങ്ങേറുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചു ഉത്തരവാദിത്തപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാന്‍ ജാഗ്രതാപൂര്‍വം എല്ലാ വിശ്വാസികളും മുന്നോട്ടുവരണമെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ ആഹ്വാനം ചെയ്തു.
കേരള കത്തോലിക്കാ സഭയില്‍ നവീകരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപതയില്‍ മേയ് 19 നു ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തുമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ അറിയിച്ചു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ കേന്ദ്രീകരിച്ചു രൂപതയിലെ വിവിധ വിഭാഗങ്ങള്‍ക്കായി സെമിനാര്‍, ദിവ്യബലി, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഇതോടനുബന്ധിച്ചുണ്ടാകും.
വന്യജീവി ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് ജീവനും സ്വത്തിനും വ്യാപകമായ നാശനഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നതില്‍ സമ്മേളനം ദുഃഖം രേഖപ്പെടുത്തി. മലയോര കര്‍ഷകരെ സംരക്ഷിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി എടുക്കണമെന്നും ബന്ധപ്പെട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം കാലതാമസം കൂടാതെ നല്‍കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
കെസിബിസി യൂത്ത് കമ്മിഷന് സെക്രട്ടറി ഫാ. സ്റ്റീഫന്‍ ചാലക്കര ക്ലാസെടുത്തു. വികാരി ജനറല്‍മാര്‍ മോണ്‍. ജോസ് മഞ്ഞളി, മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്സന് ഈരത്തറ, ജനറല്‍ കണ്‍വീനര്‍ റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍, സെക്രട്ടറിമാരായ ഡേവിസ് ഊക്കന്‍, ആനി ആന്റു എന്നിവര്‍ പ്രസംഗിച്ചു. ഇരുനൂറോളം വൈദിക, സന്യസ്ത, അല്മായ പ്രതിനിധികള്‍ പങ്കെടുത്തു.