ഇരിങ്ങാലക്കുട- കോയമ്പത്തൂർ യാത്ര ഇനി കെഎസ്ആർടിസി യിൽ ; കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് ഫ്ലാഗ് ഓഫ്‌ ചെയ്തു..

ഇരിങ്ങാലക്കുട- കോയമ്പത്തൂർ യാത്ര ഇനി കെഎസ്ആർടിസി യിൽ ;

കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് ഫ്ലാഗ് ഓഫ്‌ ചെയ്തു..

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസിന്റെയും ശിവരാത്രി പ്രത്യേക കെ എസ്ആർടിസി സർവീസുകളുടെയും ഫ്ലാഗ് ഓഫ് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. നാല് സർവീസുകൾ കൂടി പുതിയതായി ഇരിങ്ങാലക്കുടയിൽ നിന്നും തുടങ്ങാൻ ഉദ്ദേശിക്കുന്നതായി മന്ത്രി അറിയിച്ചു.

ഇരിങ്ങാലക്കുട കെ എസ് ആർ ടി സി ബസ് സ്റ്റാന്റിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അധ്യക്ഷയായി. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ പി കെ ഗോപി, ചാലക്കുടി എ ടി ഒ കെ ജെ സുനിൽ, വാർഡ് കൗൺസിലർ അമ്പിളി ജയൻ, കെ എസ് ആർ ടി സി വികസന സമിതി കൺവീനർ ജയൻ അരിമ്പ്ര, ഇരിങ്ങാലക്കുട കെ എസ് ആർ ടി സി ഇൻസ്പെക്ടർ ഇൻ ചാർജ് ടി കെ കൃഷ്ണകുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

കോയമ്പത്തൂർ സർവീസ് ഇരിങ്ങാലക്കുടയിൽ നിന്നും രാവിലെ 5.45 ന് പുറപ്പെടും. തൃശ്ശൂർ, വടക്കഞ്ചേരി, പാലക്കാട്‌, വാളയാർ വഴി 10.05 ന് കോയമ്പത്തൂരിൽ എത്തും. കോയമ്പത്തൂരിൽ നിന്നും തിരികെ 10.35 ന് പുറപ്പെടുന്ന ബസ് ഇതേ റൂട്ടിലൂടെ ഉച്ചതിരിഞ്ഞു 3 മണിക്ക് ഇരിങ്ങാലക്കുടയിലെത്തും.

തുടർന്ന് 3.30 ന് പുറപ്പെടുന്ന ബസ് രാത്രി 7.55 ന് കോയമ്പത്തൂരിൽ എത്തിച്ചേരുകയും രാത്രി 8.25 ന് തിരികെ പുറപ്പെട്ട് അർദ്ധരാത്രി 12.40 ന് ഇരിങ്ങാലക്കുടയിൽ സർവീസ് അവസാനിപ്പിക്കും.

Please follow and like us: