പോക്സോ കേസിൽ കൊടുങ്ങല്ലൂർ മേത്തല സ്വദേശിക്ക് 35 വർഷത്തെ തടവ്..
ഇരിങ്ങാലക്കുട:- പ്രായപൂർത്തിയാകാത്ത ബാലനെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസ്സിൽ ഇരുപത്തിയേഴുകാരന് 35 വർഷം തടവും 1,70,000/- രൂപ പിഴയും ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് രവിചന്ദർ സി. ആറിൻ്റെ വിധി.2015 മുതൽ 2018 ജൂലൈ വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് കൊടുങ്ങല്ലൂർ പോലീസ് ചാർജ്ജ് ചെയ്‌ത കേസ്സിൽ പ്രതിയായ മേത്തല സ്വദേശി താരമ്മൽ ഹരീഷ് (27) നെതിരെയാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 20 സാക്ഷികളേയും 35 രേഖകളും 1 തൊണ്ടിവസ്‌തുവും തെളിവുകളായി നൽകിയിരുന്നു. കൊടുങ്ങല്ലൂർ പോലീസ് സബ്ബ് ഇൻസ്പെക്‌ടർ ആയിരുന്ന ഇ. ആർ. ബൈജു രജിസ്റ്റർ ചെയ്‌ത കേസ്സിൽ ഇൻസ്പെക്‌ടർ ആയിരുന്ന പി. കെ. പത്മരാജനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫീസർ ടി. ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
പോക്സോ നിയമത്തിൻ്റെ 6-ാം വകുപ്പ് പ്രകാരം 10 വർഷം കഠിനതടവും 50,000/- രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 6 മാസം വെറും തടവും കൂടാതെ, പോക്സോ നിയമത്തിൻ്റെ മറ്റു വകുപ്പുകൾ പ്രകാരം 13 വർഷം വെറും തടവും 60,000/- രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 7 മാസം വെറും തടവും അതിനുപുറമെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 12 വർഷം വെറും തടവും 60,000/- രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 7 മാസം വെറും തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ വിയ്യൂർ ജയിലിലേക്ക് റിമാൻഡ് ചെയ്തു.പിഴ സംഖ്യ ഈടാക്കിയാൽ ആയത് ഇരയ്ക്ക് നഷ്‌ടപരിഹാരമായി നൽകുവാനും ഉത്തരവിൽ നിർദ്ദേശമുണ്ട്.